കോട്ടയം: മുൻ കളക്ടർമാരും ആർഡിഒമാരും ശ്രമിച്ചിട്ട് നടക്കാത്ത ഓട്ടോ മീറ്റർ വീണ്ടും നടപ്പാക്കാൻ തീരുമാനം.
സെപ്റ്റംബർ ഒന്നുമുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കാനാണ് ജില്ലാ കളക്ടർ പി.കെ.സുധീർബാബു വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചത്. ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മീറ്റർ നിർബന്ധമാക്കുന്നതിന് ധാരണയായത്.
മീറ്റർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ മുൻപ് നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇക്കാര്യം. കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു, അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ, ആർടിഒ വി.എം. ചാക്കോ എന്നിവരും പങ്കെടുത്തു.
ട്രാൻസ്പോർട്ട് കമ്മീഷണറുടെ 2018 ഡിസംബർ 11ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മീറ്റർ നിർബന്ധമാക്കുന്നത്. സെപ്റ്റംബർ ഒന്നിനുശേഷം മീറ്റർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കും. കോട്ടയം മുനിസിപ്പാലിറ്റിയിൽ സർവീസ് നടത്തുന്നതിന് പെർമിറ്റുള്ള ഓട്ടോറിക്ഷകൾ മാത്രമേ നഗരപരിധിക്കുള്ളിൽനിന്ന് യാത്രക്കാരെ കയറ്റാൻ പാടുള്ളൂ.
പുറത്തുനിന്നുള്ള ഓട്ടോറിക്ഷകൾ കോട്ടയം നഗരത്തിനുള്ളിൽ അനധികൃത സർവീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കും.നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പോലീസിനെയും ഗതാഗത വകുപ്പിനെയും ചുമതലപ്പെടുത്തി. നിയമം ജില്ലയിൽ സുഗമമായി നടപ്പാക്കുന്നതിന് ഓട്ടോറിക്ഷാ തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുനിസിപ്പാലിറ്റി, റെയിൽവേ, ട്രാഫിക്, പൊതുമരാമത്ത് റോഡ്സ് വിഭാഗം എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.