കോട്ടയം: മീറ്റർ പരിശോധനയെ തുടർന്ന് കോട്ടയം നഗരത്തിൽ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ഇന്നു രാവിലെ മുതൽ നഗരത്തിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നില്ല. കൂടുതൽ സമര പരിപാടികളെക്കുറിച്ചു ആലോചിക്കുന്നതിനായി സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്നു ഉച്ചയ്ക്കു 12നു ഉൗട്ടി ലോഡ്ജിൽ യോഗം ചേരും.
ഇന്നലെ രാവിലെ ഓട്ടോറിക്ഷകളിൽ മീറ്റർ ഉപയോഗിക്കുന്നുണ്ടോയെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. തുടർന്നു ഓട്ടോറിക്ഷ തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. ഇതിനെതുടർന്നു തൊഴിലാളികൾ യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലാ കളക്്ടറെ കണ്ടു ചർച്ച നടത്തിയെങ്കിലും അനുകൂലമായി തീരുമാനമുണ്ടായില്ല. ഇതോടെ ഇന്നലെ ഉച്ചകഴിഞ്ഞു
ഓട്ടോറിക്ഷ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണു ഇന്നു രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ നടപ്പിലാക്കിയതു പോലെ മീറ്റർ തുകയുടെ അടിസ്ഥാനത്തിൽ കുറഞ്ഞു ചുറ്റള്ളവുള്ള കോട്ടയത്തെ നഗരപ്രദേശങ്ങളിൽ സർവീസ് നടത്തുന്നതു നഷ്ടമാണെന്നു തൊഴിലാളികൾ പറയുന്നു.
ഓട്ടോറിക്ഷകളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു പോകുന്നതിനുള്ള തുക മുൻകുട്ടി നിർണയിച്ചു പ്രദർശിപ്പിക്കണമെന്ന നിർദേശമാണ് വിവിധ യൂണിയനുകൾ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡൻ് ഫിലിപ്പ് ജോസഫ് പറഞ്ഞു. ഇത്തരത്തിൽ തുക നിർണയിച്ചാൽ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാം.
എന്നാൽ ഈ നിർദേശം പരിഗണിക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. മുൻ കാലങ്ങളെ ഉദ്യോഗസ്ഥരെ ഇവിടുത്തെ സ്ഥിതി ബോധ്യപ്പെടുത്തിയിരുന്നുവെന്നും അനുകൂലമായി തീരുമാനമുണ്ടാകുംവരെ സമരം തുടരുമെന്നും ഫിലിപ്പ് ജോസഫ് പറഞ്ഞു.
അതേസമയം പെർമീറ്റ് നിയമത്തിന്റെ ഭാഗമായി മീറ്ററിട്ടു സർവീസ് നടത്തണമെന്നും സർക്കാർ നിശ്ചിയിച്ചിരിക്കുന്ന നിരക്ക് മാത്രമേ ഈടാക്കാൻ കഴിയുവെന്നുമാണ് അധികൃതരുടെ നിലപാട്.