കോട്ടയം: ഓട്ടോറിക്ഷ ഡ്രൈവർമാർ നടത്തുന്ന പണിമുടക്കുമൂലം യാത്രക്കാർ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യം ഒഴിവാക്കാൻ ബദൽ സംവിധാനങ്ങൾ പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു.റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, തിരുനക്കര-നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സർക്കുലർ ബസ് സർവീസുകൾ നടത്തുന്നതിന് പെർമിറ്റ് നൽകുന്നത് ആലോചിക്കും.
ഇ-ഓട്ടോ, ഓണ്‍ലൈൻ ടാക്സി സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായി മാറിയ പഴയ നാട്ടകം, കുമാരനല്ലൂർ പഞ്ചായത്ത് മേഖലകളിലെ ഓട്ടോറിക്ഷകൾക്ക് ടൗണ്‍ പെർമിറ്റ് നൽകുന്നതിനുമുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണ്.
ഓട്ടോറിക്ഷകൾ ഫെയർമീറ്റർ ഇല്ലാതെ സർവീസ് നടത്തുന്നതും മുൻകൂട്ടി നോട്ടീസ് നൽകാതെ പണിമുടക്കുന്നതും പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. പെർമിറ്റ് വ്യവസ്ഥകളിൽ ഇളവു നൽകാൻ ജില്ലാ ഭരണകൂടത്തിന് കഴിയില്ല. നിയമം ലംഘിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.