കോട്ടയം: കോട്ടയം നഗരത്തിൽ ഇന്ന് ഓട്ടോറിക്ഷ പണിമുടക്ക്. മീറ്റർ പ്രവർത്തിപ്പിച്ച് ഓടണമെന്ന ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയതോടെ ഇന്നലെ രാത്രിയിൽ മിന്നൽ പണിമുടക്ക് നടത്തി. തുടർന്നാണ് ഇന്നു മുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കാൻ തീരുമാനം.
ഇന്നു രാവിലെ ഓടാനെത്തിയ ഓട്ടോകൾ സമരക്കാർ തടഞ്ഞു. വിവിധ യുണിയനുകളുടെ നേതൃത്വത്തിലാണ് ഓട്ടോ പണിമുടക്ക്. സെപ്റ്റംബർ ഒന്നുമുതൽ കോട്ടയത്തെ ഓട്ടോറിക്ഷകൾ നിർബന്ധമായും മീറ്ററിട്ട് ഓടണമെന്നായിരുന്നു തീരുമാനം. ഇന്നലെ രാത്രിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പരിശോധനയ്ക്ക് എത്തിയതോടെയാണ് ഓട്ടോക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ഏതാനും ചിലരുടെ ആർസി ബുക്കും താക്കോലുമൊക്കെ ഉദ്യോഗസ്ഥർ ചോദിച്ചു വാങ്ങിയെന്നും പറയുന്നു.
കോട്ടയത്ത് മീറ്റർ പ്രായോഗികമല്ല എന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. കോട്ടയം നഗരത്തിന്റെ സ്ഥല പരിമിതിയിൽ മീറ്റർ പ്രായോഗികമല്ല. ഒരു സ്റ്റാൻഡിൽ കിടന്നോടുന്നയാൾ ഓട്ടം പോയ ശേഷം മറ്റൊരു സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അവിടത്തെ ഓട്ടോക്കാർ സമ്മതിക്കില്ല. കോട്ടയം നഗരത്തിലെ നിയന്ത്രിക്കാനാവാത്ത ഗതാഗതക്കുരുക്ക്, ആഴ്ചയിൽ നാലും അഞ്ചും ദിവസം രാഷ്ട്രീയക്കാരുടെ പ്രകടനം ഇതൊക്കെയാണ് കോട്ടയത്തെ ഓട്ടോക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
നോട്ട് നിരോധനത്തിനു ശേഷം ദിവസം 500 രൂപ തികച്ച് വീട്ടിൽ കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് 35 വർഷമായി ഓട്ടോ ഓടിക്കുന്നയാൾ പറഞ്ഞു. മീറ്റർ നിർബന്ധമാക്കുന്ന ഉദ്യോഗസ്ഥർ ഒരു പ്രാവശ്യമെങ്കിലും ഓട്ടോയിൽ യാത്ര ചെയ്താൽ ഓട്ടോ തൊഴിലാളിയുടെ ബുദ്ധിമുട്ട് മനസിലാക്കാമെന്നും ഇവർ പറയുന്നു.
ഇതുവരെ മീറ്ററിട്ട് ഓടിയിട്ടില്ലാത്ത കോട്ടയത്ത് എന്തിനാണ് വീണ്ടും മീറ്റർ നിർബന്ധമാക്കുന്ന തീരുമാനമെടുക്കുന്നതെന്നു മാത്രം മനസിലാകുന്നില്ല. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള ചാർജ് എത്രയെന്നു കണക്കാക്കി നല്കിയാൽ കൂടുതൽ ചാർജ് വാങ്ങുന്നത് ഒഴിവാക്കാം. മുൻപ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയതാണ്. അന്ന് പെട്രോൾചാർജ് വർധിച്ചപ്പോൾ വീണ്ടും ഓട്ടോക്കാർ സ്വയം ചാർജ് വർധിപ്പിക്കുകയായിരുന്നു.