കോട്ടയം: ഓട്ടോ മീറ്റർ വിഷയത്തിൽ കോട്ടയം ടൗണിലെ ഓട്ടോ ഡ്രൈവർമാർ ഇന്നലെ നടത്തിയത് സൂചനാ പണിമുടക്കായിരുന്നുവെന്നും ഇനിയും പീഡനം തുടർന്നാൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സംയുക്ത യൂണിയൻ യോഗം തീരുമാനിച്ചു. ഇന്ന് ഓട്ടോറിക്ഷകൾ ഓടിത്തുടങ്ങി. ഐഎൻടിയുസി, സിഐടിയു, ബിഎംഎസ് എന്നീ യൂണിയനുകൾ സംയുക്തമായാണ് ഇന്നലെ സൂചനാ പണിമുടക്കിന് ആഹ്വാനം നല്കിയത്.
ഓട്ടോ മീറ്റർ വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ന് ജില്ലാ കളക്ടറെ നേരിട്ടു കണ്ട് നിവേദനം നല്കാനും ഇന്നലെ ഉൗട്ടി ലോഡ്ജിൽ ചേർന്ന യോഗം തീരുമാനിച്ചു. ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് സാബു പുതുപ്പറന്പൻ, എം.പി.സന്തോഷ്കുമാർ, ടോണി തോമസ്, സിഐടിയുവിനെ പ്രതിനിധീകരിച്ച് സുനിൽ തോമസ്, ബിഎംഎസ് യൂണിയൻ പ്രതിനിധി നളിനാക്ഷൻ എന്നിവർ പങ്കെടുത്തു.
മീറ്റർ പ്രവർത്തിപ്പിക്കാത്തതിന്റെ പേരിൽ ഓട്ടോ ഡ്രൈവർമാരെ ശല്യം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. അങ്ങനെയുണ്ടായാൽ ജില്ലയൊട്ടാകെ അനിശ്ചിതകാല ഓട്ടോ പണിമുടക്കിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്ഥലത്തേക്കുമുള്ള നിരക്ക് ചർച്ച ചെയ്ത് പ്രദർശിപ്പിക്കുന്നതിന് എതിരല്ലെന്നും ഫിലിപ്പ് ജോസഫ് പറഞ്ഞു.
സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോകളിൽ മീറ്ററിട്ട് ഓടണമെന്നാണ് ജില്ലാ കളക്ടർ നിർദേശിച്ചത്. കോട്ടയത്ത് ഓട്ടോ മീറ്റർ പ്രവർത്തിപ്പിക്കാൻ മുൻ വർഷങ്ങളിലും ഇതുപോലെ കളക്ടർമാരും ആർഡിഒമാരും ശ്രമിച്ച് പരാജയപ്പെട്ടതാണ്. നഗരത്തിലെ ഗതാഗതക്കുരുക്കും തിരിച്ച് ഓട്ടം കിട്ടാത്തതുമാണ് മീറ്റർ തുകയ്ക്ക് ഓടാൻ കഴിയാത്തതെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. അടിക്കടിയുണ്ടാകുന്ന പെട്രോൾ ചാർജ് വർധന മൂലം പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഓട്ടോ ഡ്രൈവർമാർ.