തൃക്കരിപ്പൂർ: അഞ്ചുവർഷ കാലയളവിലേക്ക് പുതുക്കിനൽകുന്ന ഓട്ടോറിക്ഷ പെർമിറ്റ് ട്രാൻസ്പോർട്ട് അധികൃതർ കാലാവധി തെറ്റിച്ചുരേഖപ്പെടുത്തിയത് ഓട്ടോ തൊഴിലാളിക്ക് വിനയായി. ടൗണിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ എം. സതീശനാണ് അധികൃതരുടെ തെറ്റായ പെർമിറ്റ് പുതുക്കലിലൂടെ കുരുക്കിലായത്.
അഞ്ചു വർഷത്തെ പെർമിറ്റ് അഞ്ചു മാസമായി തെറ്റായി ചുരുക്കി രേഖപ്പെടുത്തിയതാണ് വിനയായത്. ഓട്ടോറിക്ഷകളുടെ പെർമിറ്റ് പുതുക്കൽ അഞ്ചു വർഷം കൂടുമ്പോഴാണ്. എന്നാൽ ഫീസായ 360 രൂപ കൃത്യമായി വാങ്ങിയിട്ടുണ്ടെങ്കിലും സതീശന്റെ പെർമിറ്റ് പുതുക്കിയത് അഞ്ചുമാസക്കാലത്തേക്കും.
കഴിഞ്ഞവർഷം ഡിസംബർ ഏഴിനാണ് ഓട്ടോയുടെ പെർമിറ്റ് കാലാവധി അവസാനിച്ചത്. കാലാവധിക്ക് 15 ദിവസം മുൻപ് പുതിയ പെർമിറ്റിന് അപേക്ഷ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അതുപ്രകാരം അപേക്ഷ നൽകുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞദിവസം തപാലിൽ ലഭിച്ച പെർമിറ്റ് പരിശോധിച്ചപ്പോഴാണ് അഞ്ചു വർഷം അഞ്ചു മാസമായത് കണ്ടത്. 2019 ഡിസംബർ 21 മുതൽ 2020 മെയ് വരെയാണ് കാലാവധിയായി പെർമിറ്റിൽ കാട്ടിയിട്ടുള്ളത്. ഇത് തിരുത്തിക്കിട്ടാൻ വീണ്ടും ട്രാൻസ്പോർട്ട് അധികാരികളെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് മെട്ടമ്മൽ സ്വദേശിയായ ഈ ഓട്ടോ തൊഴിലാളി.