തൃശൂർ: തൃശൂർ നഗരത്തിലെ ഓട്ടോറിക്ഷ പെർമിറ്റിനു രണ്ടു ലക്ഷം രൂപ കോഴ! 4,200 ടൗണ്‍ പെർമിറ്റുകളിൽ ആയിരത്തിലേറെയും കച്ചവട പെർമിറ്റ്. 40 പെർമിറ്റ് വരെ സ്വന്തമാക്കിയവരുണ്ട്. ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ -സിഐടിയു തൃശൂർ ഏരിയാ കമ്മിറ്റിയാണ് ആരോപണം ഉന്നയിക്കുന്നത്.
ഇക്കാര്യങ്ങൾ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസിനെക്കൊണ്ട് അന്വേഷിപ്പിച്ചു നടപടിയെടുക്കുമെന്ന് കളക്ടർ പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് യൂണിയൻ ആരോപിച്ചു.
പെർമിറ്റ് മാഫിയയ്ക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് പണിമുടക്കു നടത്തുമെന്നു യൂണിയൻ മുന്നറിയിപ്പു നൽകി. ഇതിനു മുന്നോടിയായി ഇന്നലെ തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി.
യൂണിയൻ ഏരിയാ പ്രസിഡന്റ് എ.ആർ. കുമാരൻ, ഓട്ടോ ടാക്സി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ഹരിദാസ്, പി.കെ. അശോകൻ, കെ. നന്ദനൻ, പി.കെ. സദാനന്ദൻ, എ.എം. ജനാർദനൻ, എം.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.