പുതുക്കാട്: കൂടുതൽ ഇളവുകൾ നല്കി പുതുക്കാട് വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയും തിരക്കേറുകയും ചെയ്തിട്ടും മേഖലയിലെ ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താൻ അനുമതി നൽകാതെ അധികൃതർ അവഗണിക്കുകയാണെന്ന് ആക്ഷേപം.
കോവിഡിനെത്തുടർന്നു രണ്ടു മാസമായി ഓട്ടമില്ലാതെ ദുരിതമനുഭവിക്കുകയാണ് പുതുക്കാടുള്ള ഓട്ടോ തൊഴിലാളികൾ. പുതുക്കാട് സെന്ററിലെ മൂന്നു സ്റ്റാൻഡുകളിലായി 280 ഓട്ടോകളാണുള്ളത്.പുതുക്കാട് അങ്ങാടിയിലെ ഓട്ടത്തിലാണ് ഇവരുടെ കുടുംബം കഴിയുന്നത്.
മറ്റെല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നല്കിയ അധികൃതർ ഓട്ടോ നിരത്തിലിറക്കരുതെന്നാണു പറയുന്നത്.അങ്ങാടിയിൽ ഓട്ടോ കണ്ടാൽ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞതോടെ തൊഴിലാളികൾ ആശങ്കയിലാണ്. ബസാർ റോഡ് ഉൾപ്പടെയുള്ള വ്യാപാരകേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണു തിരക്കേറുന്നത്.
കച്ചവട സ്ഥാപനങ്ങളിലും കൂട്ടമായാണ് ആളുകൾ എത്തുന്നത്. ഇവിടെയെല്ലാം നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള കച്ചവടം നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്ന അധികൃതർ ഓട്ടോറിക്ഷകൾക്കു സർവീസ് നടത്താനുള്ള അനുമതി നിഷേധിക്കുകയാണെന്നു ഡ്രൈവർമാർ പറയുന്നു.
അതേ സമയം മറ്റിടങ്ങളിൽനിന്നുള്ള ഓട്ടോകൾ യാത്രാക്കാരുമായി പുതുക്കാടെത്തി മടങ്ങുന്നതായും ഡ്രൈവർമാർ പറയുന്നു.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ലോക്ഡൗണിലായ പഞ്ചായത്തിൽ ഇന്നലെ മാത്രമാണ് കൂടുതൽ ഇളവുകൾ നല്കിയിരിക്കുന്നത്.
അങ്ങാടിയിൽ തിരക്കേറിയപ്പോൾ ഓട്ടം കിട്ടുമെന്നു പ്രതീക്ഷിച്ചെത്തിയ ഡ്രൈവർമാർക്കു സെക്ടറൽ മജിസ്ട്രേറ്റിന്റെ താക്കീതാണ് ലഭിച്ചത്.ഓട്ടോയുടെ തിരിച്ചടവു മുടങ്ങിയും വീട്ടുചെലവിനു പണമില്ലാതെയും കഷ്ടപ്പെടുന്ന സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകണമെന്നാണു ഡ്രൈവർമാരുടെ ആവശ്യം.