സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ നഗരത്തിൽ നിന്നു ചാവക്കാട്ടേക്ക് ഓട്ടോറിക്ഷയിൽ പോയ സ്ത്രീ ക്വാറന്റൈനിലായതോടെ ആ സ്ത്രീ സഞ്ചരിച്ച ഓട്ടോറിക്ഷയെ തേടി നാടാകെ ഓട്ടോക്കാർ തിരച്ചിൽ തുടരുന്നു.
ഇന്നലെ പുലർച്ചെ ബംഗളുരുവിൽ നിന്നും തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ സ്ത്രീ ആരോഗ്യവകുപ്പും മറ്റും ഏർപ്പെടുത്തിയ ക്വാറന്റൈൻ സൗകര്യത്തിലേക്കു പോകാതെ സ്റ്റാൻഡിനു പുറത്തെത്തി ഓട്ടോ വിളിച്ചു ചാവക്കാട്ടേക്ക് പോവുകയായിരുന്നു.
ചാവക്കാട്ട് ഇവരെത്തിയപ്പോൾ ബംഗുളുരുവിൽ നിന്നെത്തിയ സ്ത്രീയായതുകൊണ്ട് നാട്ടുകാരും മറ്റും ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും അവരെ ക്വാറന്റൈനിലേക്കു മാറ്റുകയുമായിരുന്നു.
ബംഗളുരുവിൽ നിന്നെത്തിയ ഈ സ്ത്രീ തൃശൂരിൽ നിന്ന് ഏത് ഓട്ടോറിക്ഷയിലാണു ചാവക്കാട്ടേക്കു പോയതെന്ന അന്വേഷണമാണ് ഇപ്പോൾ നഗരത്തിലെ ഓട്ടോഡ്രൈവർമാരും യൂണിയൻ നേതാക്കളും നടത്തുന്നത്. ഇന്നലെ പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് ഈ സ്ത്രീ ഓട്ടോയിൽ ചാവക്കാട്ടേക്ക് പോയിരിക്കുന്നത്.
ദിവാൻജിമൂലയിൽ സഫയർ ഹോട്ടലിനു പരിസരത്ത് നിന്നാണ് ഓട്ടോയിൽ കയറിയതെന്ന് വ്യക്തമായിട്ടുണ്ട്. ഓട്ടോറിക്ഷ കണ്ടെത്തി ഡ്രൈവറെ തിരിച്ചറിഞ്ഞ് ക്വാറന്റൈനിലാക്കേണ്ടതുണ്ട്. ഡ്രൈവറെ കണ്ടെത്തിയാൽ കോവിഡ് ഹെൽപ് ലൈൻ നന്പറിലോ ആരോഗ്യവകുപ്പിലോ അറിയിക്കണം.