സ്വന്തം ലേഖകൻ
തൃശൂർ: ലോക്ഡൗണിൽ ഇളവുകൾ വന്നിട്ടും തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് ഓട്ടമില്ലാത്ത അവസ്ഥ തുടരുന്നു. നഗരത്തിലെ മിക്ക സ്റ്റാൻഡുകളിലും (ഓട്ടോ പേട്ടകൾ) ഓട്ടോറിക്ഷകൾക്ക് ഓട്ടം തീരെയില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
വളരെ തിരക്കേറിയ സമയത്ത് സാധാരണ ഒരു ഓട്ടോ പോലും കിട്ടാനില്ലാത്ത സ്ഥാനത്ത് ഇപ്പോൾ നിരവധി വണ്ടികളാണ് യാത്രക്കാരെ കാത്തു കിടക്കുന്നത്.
കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ പൊതുഗതാഗതസംവിധാനം പരമാവധി ഒഴിവാക്കുന്നതുകൊണ്ട് ഓട്ടോയിൽ യാത്ര ചെയ്യാൻ പലരും മടിക്കുന്നുവെന്നാണ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നത്.
സാനിറ്റൈസറടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കി യാത്രക്കാരുടേയും തങ്ങളുടേയും സുരക്ഷിതത്വം ഉറപ്പാക്കിയാണ് പല ഓട്ടോറിക്ഷകളും ഡ്രൈവർമാർ ഓടിക്കുന്നത്. ആശുപത്രികൾക്കടുത്തുള്ള സ്റ്റാൻഡുകളിൽ പോലും കാര്യമായ ഓട്ടം കിട്ടുന്നില്ലെന്നാണ് പറയുന്നത്.
രാത്രി ഏഴാകുന്പോഴേക്കും മിക്ക ഓട്ടോറിക്ഷകളും ഓട്ടം നിർത്തി സ്റ്റാൻഡു വിടുന്ന കാഴ്ചയാണ് ലോക്ഡൗണ്‍ ഇളവുകൾ വന്നിട്ടും തൃശൂരിൽ കാണുന്നത്. ഓട്ടമില്ലാത്തതുകൊണ്ട് എത്രയും വേഗം വീട്ടിലെത്തുകയല്ലേ നല്ലതെന്ന് ഓട്ടോഡ്രൈവർമാർ ചോദിക്കുന്നു.
ഓട്ടോ ഡ്രൈവർമാരുടെ വാക്കുകൾ….
മിക്കവരും സ്വന്തം വണ്ടികളിലാണ് ഇപ്പോൾ യാത്ര. സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോ എന്ന് പറയാറുണ്ടെങ്കിലും സാധാരണക്കാർ പോലും ഇപ്പോൾ ഓട്ടോയിൽ കയറുന്നില്ല. ടൗണിലേക്ക് വരുന്ന ആളുകളുടെ എണ്ണം പകുതിയിലേറെ കുറഞ്ഞു.
എല്ലാവരും സാധനങ്ങൾ അവരവരുടെ വീടിനടുത്തുള്ള കടകളിൽ നിന്നാണിപ്പോൾ വാങ്ങുന്നത്. നഗരത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരാകട്ടെ മിക്കവരും സ്വന്തം വാഹനങ്ങളിലും. സ്കൂളുകളും കോളജുകളും മുടക്കമായതിനാൽ ഓട്ടം നന്നേ കുറഞ്ഞു. മുൻപ് സെക്കൻഡ് ഷോ കഴിഞ്ഞാൽ കിട്ടിയിരുന്ന ഓട്ടങ്ങൾ ഇല്ലാതായി. ഹോട്ടലുകളിലെ തിരക്ക് കുറഞ്ഞതും ഓട്ടോറിക്ഷക്കാരുടെ ഓട്ടങ്ങളെ ബാധിച്ചു.
സ്ഥിരം സ്കൂൾ ട്രിപ്പുകൾ മുടങ്ങിയത് ബാങ്ക് ലോണുകളടക്കമുള്ള വായ്പകളുടെ തിരിച്ചടവിനെയാണ് തകിടം മറിച്ചത്.
സാധാരണ പകൽ ഓട്ടമില്ലെങ്കിലും രാത്രി ഓടി ആ കുറവ് നികത്താറുണ്ട്. ഇപ്പോൾ രാത്രി എട്ടുമണിയാകുന്പോഴേക്കും നഗരം കാലിയാണ്. ആരും ഓട്ടോ വിളിക്കുകയോ ഓട്ടോയിൽ കയറുകയോ ചെയ്യുന്നില്ല. ഞായറാഴ്ചകളിൽ നല്ല ഓട്ടം കിട്ടാറുള്ള ആ നല്ല കാലം ഇനിയുണ്ടാകില്ലെന്നു തോന്നുന്നു. ഞായറാഴ്ച സന്പൂർണ ലോക്ഡൗണ്‍ ഒഴിവാക്കിയെങ്കിലും തൃശൂരിൽ കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലും ആൾത്തിരക്കുണ്ടായില്ല. ഓട്ടം കിട്ടുമെന്ന് കരുതി ഞായറാഴ്ച സ്റ്റാൻഡിലെത്തിയെങ്കിലും രണ്ടോ മൂന്നോ ഓട്ടമാണ് കിട്ടിയത്.
ഞായറാഴ്ച വൈകീട്ടൊന്നും ഓട്ടമേ കിട്ടിയില്ല. മിക്ക ഡ്രൈവർമാരും ഞായറാഴ്ച വണ്ടിയെടുക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്.