കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, കാറോട്ട മത്സരംപോലെ ഓട്ടോറിക്ഷകളുടെ ഓട്ടമത്സരം സംഘടിപ്പിച്ചതായി അധികമൊന്നും കേട്ടിട്ടില്ല. മുച്ചക്രക്കാരനായ ഓട്ടോകളുടെ വേഗമത്സരം അത്ര സുരക്ഷിതമല്ലെന്നതാകും അതിനു കാരണം.
എന്നാൽ, നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ കഴിഞ്ഞദിവസം “ഓട്ടോറിക്ഷാ റേസ്’ അരങ്ങേറി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇതിന്റെ വീഡിയോ വൈറലുമായി.
വിശാലമായ ഒരു ഗ്രൗണ്ടിലാണ് മത്സരം നടന്നത്. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ റേയ്സിന് തയാറായി മൂന്ന് ഓട്ടോറിക്ഷകൾ. ഫ്ലാഗ് ഓഫ് ചെയ്തതോടെ അവ ട്രാക്കിലൂടെ പൊടിപടർത്തി കുതിച്ചുപാഞ്ഞു. സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷകളുടെ ആവേശമത്സരത്തിനു കാഴ്ചക്കാരുടെ നിറഞ്ഞ കൈയടി.
മത്സരഫലമെന്തെന്നു വ്യക്തമല്ലെങ്കിലും വീഡിയോ കണ്ടവരെല്ലാം മത്സരം ആസ്വദിച്ചു. ഫോര്‍മുല വണ്‍ തോറ്റ് പോകുന്ന മത്സരമെന്നുവരെ ചിലർ വാഴ്ത്തി. ഓട്ടോ ഡ്രൈവർമാർ റോഡിലൂടെ വണ്ടി ഓടിക്കുന്നത് കണ്ടാൽ ഇതിലും ആവേശകരമാണെന്നായിരുന്നു ഒരാളുടെ കമന്റ്.