തളിപ്പറമ്പ്: ദേശീയപാതയോരത്ത് കാനത്ത് ശിവക്ഷേത്രം റോഡരികില്‍ ഓട്ടോഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ചു. വ്യാപാരികള്‍ പോലീസില്‍ പരാതി നല്കി. പാര്‍ക്കിംഗിന് സ്ഥലമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്ന തളിപ്പറമ്പില്‍ ഇന്നലെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. പ്രദേശത്തെ വ്യാപാരികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഓട്ടോക്കാര് ബോര്‍ഡ് വയ്ക്കുകയായിരുന്നു.
അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമുണ്ട്. ഇവിടെ അഞ്ച് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യാനാണ് നേരത്തെമുതല്‍ പോലീസ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാലിവിടെ പത്തിലേറെ ഓട്ടോറിക്ഷകള്‍ പാര്ക്ക്ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുവരുന്ന സമീപത്തെ വ്യാപാരികള്‍ക്കും കടകളിലെത്തുന്നവര്ക്കും ഇത് ബുദ്ധിമുട്ടായിരിക്കയാണ്.
തളിപ്പറമ്പ് നഗരത്തില്‍ നഗരസഭ അംഗീകരിച്ച ഓട്ടോ-ടാക്സി സ്റ്റാൻഡപകളില്ലാത്തതിനാല് ഇവ ദേശീയപാതയോരത്താണ് പാര്ക്ക്ചെയ്തുവരുന്നത്. തളിപ്പറമ്പ് നഗരത്തിന്റെ പല ഭാഗങ്ങളിലും ദേശീയപാതയില്‍ പോലും സ്വകാര്യവ്യക്തികള്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചും സെക്യൂരിറ്റിക്കാരെ ഏര്‍പ്പെടുത്തിയും പൊതു സ്ഥലങ്ങള്‍ കൈയടക്കുന്നത് ഏറി വരികയാണ്. ഇത് ഒഴിവാക്കിയാല്‍ തന്നെ പാര്‍ക്കിംഗിന് സ്ഥലം ലഭ്യമാകും.