കോട്ടയം: ബേക്കർ ജംഗ്ഷനിൽ റോഡ് കുറുകെ കടക്കുന്നത് (യു ടേണ്) നിരോധിച്ചുകൊണ്ട് പോലീസ് ഇന്നലെ ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരത്തിനെതിരേ പ്രതിഷേധം ശക്തമായി. ഓട്ടോ ഡ്രൈവർമാർ ഇന്നു രാവിലെ പണിമുടക്കി പ്രകടനം നടത്തി. കുമരകം റോഡിലൂടെ ബേക്കർ ജംഗ്ഷനിലേക്ക് വരുന്ന സ്കൂൾ ബസ്, ഓട്ടോ, മറ്റ് ചെറിയ വാഹനങ്ങൾ എന്നിവ എംസി റോഡിനു കുറുകെ കടന്നു പോകാനുള്ള അനുമതിയാണ് ഇന്നലെ മുതൽ നിരോധിച്ചത്.
റോഡ് കുറുകെ കടക്കുന്നത് നിരോധിച്ചുകൊണ്ട് റോഡിനു നടുവിൽ ബോർഡും സ്ഥാപിച്ചു. കുമരകം റോഡിൽ നിന്ന് ബേക്കർ സ്കൂളിലേക്കും മറ്റും പോകേണ്ട വാഹനങ്ങളും ഓട്ടോറിക്ഷയും ഇനി നാഗന്പടത്ത് ചെന്ന് തിരിഞ്ഞു വരണം. ഇതാണ് പുതിയ പരിഷ്കാരം.
നിലവിലുണ്ടായിരുന്ന രീതിയിൽ റോഡ് കുറുകെ കടന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരേ ഇന്നലെ പെറ്റിക്കേസെടുത്തതോടെയാണ് ഇന്ന് പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തിയത്. ഓട്ടോ ഡ്രൈവർമാർക്കും ബേക്കർ സ്കൂളിലേക്കുള്ള വാഹനങ്ങൾക്കുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാകുന്നത്.
സ്കൂളിലേക്ക് വരുന്ന വിദ്യാർഥികൾ സഞ്ചരിക്കുന്ന വാഹനം വീണ്ടും നാഗന്പടത്ത് എത്തി തിരികെ വരണമെന്ന നിർദേശം ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം കളയാനേ ഉപകരിക്കുകയുള്ളുവെന്ന രക്ഷിതാക്കൾ പരാതിപ്പെട്ടു. അതേ സമയം ജില്ലാ പോലീസ് ചീഫിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിഷ്കാരം ഏർപ്പെടുത്തിയതെന്ന് ട്രാഫിക് എസ്ഐ രാഷ്ട്രദീപികയോട് പറഞ്ഞു.
എന്നാൽ ജനങ്ങളെ അറിയിക്കുന്നതിന് മാധ്യമങ്ങൾക്ക് നല്കാതെ ഗതാഗത പരിഷ്കാരം പരീക്ഷണ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാനിടയാക്കിയത്.