കോട്ടയം: മീറ്റർ നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കോട്ടയത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ കളക്്ടറേറ്റിൽ നിന്ന് തിരുനക്കരയിലേക്കു പ്രതിഷേധ റാലി നടത്തി. ഇന്നു രാവിലെ നടത്തിയ പ്രതിഷേധ റാലിയിൽ നിരവധി ഓട്ടോറിക്ഷ ഡ്രൈവർമാർ പങ്കെടുത്തു. 14നു രാവിലെ 10മുതൽ 15നു രാത്രി എട്ടുവരെ തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ഉപവാസ സമരം നടത്താനും സംയുക്തസമര സമിതി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്ക് ഇന്നും തുടരുകയാണ്. ഇതോടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്കു കടന്നു. നഗരത്തിലെ പെർമിറ്റുള്ള ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. പഞ്ചായത്ത് പെർമിറ്റുകളുള്ള ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുമുണ്ട്.
പണിമുടക്കു മൂലം നിരവധിയാളുകളാണു ബുദ്ധിമുട്ടുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലുമെത്തി വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവരാണ് ഏറെ വലയുന്നത്.സാധാരണക്കാരായ യാത്രക്കാർക്ക് ഓട്ടോറിക്ഷകൾക്കു പകരം മറ്റു സമാന്തര വാഹനങ്ങളെ ആശ്രയിക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്.
ഇന്നലെ നഗരത്തിലെ ചിലയിടങ്ങിൽ ഒറ്റപ്പെട്ട രീതിയിൽ ഓട്ടോറിക്ഷകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ സമരാനുകൂലികളായ ഓട്ടോറിക്ഷ തൊഴിലാളികൾ ചേർന്നു സർവീസ് നടത്തിയിരുന്ന ഓട്ടോറിക്ഷകൾ തടയുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തിരുന്നു. ഇതോടെയാണു എല്ലാ ഓട്ടോറിക്ഷകളും നഗരത്തിലെ നിരത്തുകളിൽനിന്നും പിൻമാറിയത്.
പണിമുടക്ക് പൊതുജനങ്ങൾക്കു വലിയ തോതിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ പ്രശ്നത്തിനു പരിഹാരം കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്.