കോട്ടയം: നിലപാട് മയപ്പെടുത്താതെ കളക്ടർ ഉറച്ചു നിൽക്കുന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിരോധത്തിൽ. മീറ്റർ ഘടിപ്പിക്കുവാൻ സാവകാശം ലഭിക്കുകയാണെങ്കിൽ സമരം തീർത്ത് ഓട്ടോറിക്ഷകൾ ഇന്നു മുതൽ ഓടിത്തുടങ്ങുമെന്നാണു ഇന്നലെ വരെ ഡ്രൈവർമാർ പ്രതീക്ഷിച്ചത്. എന്നാൽ മീറ്റർ ഘടിപ്പിക്കാതെ മാർഗമില്ലെന്നു കളക്ടർ പി.കെ. സുധീർ ബാബു ചർച്ചയിൽ വ്യക്തമാക്കിയതോടെ ഇന്നും നാളെയും ഓട്ടോറിക്ഷ സമരം തുടരാൻ യൂണിയൻ നേതാക്കൾ തീരുമാനിച്ചു.
വിവിധ യൂണിയനുകൾ യോഗം ചേർന്നു തുടർ നടപടികളെപ്പറ്റി ഇന്നു ചർച്ച നടത്തും. പണിമുടക്ക് തുടരണമോയെന്നും ഇന്നു തീരുമാനം എടുക്കും. ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്ക് അഞ്ചാം ദിവസത്തിലേക്കു കടന്നു. നഗരത്തിലെ പെർമിറ്റുള്ള ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. പഞ്ചായത്ത് പെർമിറ്റ് ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുമുണ്ട്. മീറ്റർ ഘടിപ്പിച്ചു ഓടുന്ന ഓട്ടോറിക്ഷകൾ ഇന്നലെ പലസ്ഥലത്തും തടഞ്ഞതായി ആരോപണമുണ്ട്.
കഴിഞ്ഞ ഏതാനും ദിസങ്ങളായി തുടരുന്ന ഓട്ടോറിക്ഷ സമരം യാത്രക്കാരെ പോലെ ഡ്രൈവർമാർക്കും ബുദ്ധിമുട്ടായി. നാല് ദിവസമായി ഡ്രൈവർമാർക്ക് വരുമാനം നഷ്ടപ്പെട്ടു. ഓട്ടോറിക്ഷ സർവീസിൽനിന്നും മാത്രം വരുമാനം പ്രതീക്ഷിക്കുന്ന പലഡ്രൈവർമാർക്കും ദുരിതമായി. ഇന്നലെ യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മീറ്റർ ഘടിപ്പിക്കാതെ മറ്റുമാർഗമില്ലെന്നു കളക്ടർ വ്യക്തമാക്കിയതോടെ തീരുമാനം പറയാൻ തിങ്കളാഴ്ച വരെ സാവകാശം വേണമെന്നു തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു.
മീറ്റർ ഘടിപ്പിക്കുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറയാം. പരിഹാരങ്ങൾ വ്യക്തമാക്കാം. മീറ്റർ ഘടിപ്പിക്കണമെന്ന തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നും കളക്ടർ യോഗത്തിൽ പറഞ്ഞതോടെയാണു തൊഴിലാളി യൂണിയൻ പ്രതിനിധികൾ രണ്ടു ദിവസം സാവകാശം തേടിയത്. യൂണിയനുകൾക്ക് എപ്പോൾ വേണമെങ്കിലും തീരുമാനം അറിയിക്കാമെന്നു കളക്ടർ അറിയിച്ചു. മീറ്റർ ഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് കോട്ടയത്തും നടപ്പാക്കും. മീറ്റർ നിർബന്ധമാക്കണമെന്നു തന്നെയാണു തീരുമാനം. മീറ്റർ ഇല്ലാത്ത ഓട്ടോകൾക്കെതിരെ നടപടി ഉറപ്പാക്കുമെന്നും കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു.
മീറ്റർ ഇല്ലാത്ത ഓട്ടോകൾക്ക് അതു ഘടിപ്പിക്കാനും കേടുപാടുകൾ തീർക്കാനും നേരത്തെ നിരവധി തവണ സമയം നൽകിയതാണ്. പലതവണ ചർച്ച നടത്തി പിരിഞ്ഞതാണ്. ഇനി യൂണിയനുകൾക്ക് അന്തിമമായി തീരുമാനം പറയാമെന്നും കളക്ടർ പറഞ്ഞു. ഓട്ടോറിക്ഷ പണിമുടക്കു ഇന്നും നാളെയും കൂടി തുടരുമെന്നു യൂണിയൻ നേതാക്കൾ അറിയിച്ചു.
തൊഴിലാളികളുമായി ഇന്നു ചർച്ച നടത്തുമെന്നു മോട്ടർ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് എം.പി. സന്തോഷ് കുമാർ, ഓട്ടോടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) താലൂക്ക് പ്രസിഡന്റ് പി.എസ്. സച്ചിദാനന്ദ നായ്ക്, ഓട്ടോറിക്ഷാ മസ്ദൂർ സംഘ് (ബിഎംഎസ്) ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. രതീഷ് എന്നിവർ അറിയിച്ചു.
ഓട്ടോകളുടെ മിന്നൽ പണിമുടക്ക് തുടരുന്നത് ജനത്തെ വലയ്ക്കുകയാണ്. കഐസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വന്നിറങ്ങിയ യാത്രക്കാർ തുടർയാത്രയ്ക്ക് ഓട്ടോകൾ കിട്ടാതെ ബുദ്ധിമുട്ടി. ഓട്ടം പോകാൻ തയാറായവരെ പലയിടങ്ങളിലും തടയുന്ന സംഭവം ഇന്നലെയും ഉണ്ടായി. രാപകലില്ലാതെ സമരവും ഓട്ടോകൾ തടയലും ഉണ്ടാകുന്നതായി യാത്രക്കാർ പറഞ്ഞു.
സമരം അടുത്ത ഘട്ടത്തിലേക്ക്, ഉപവാസസമരം 14ന്
കോട്ടയം: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധമാർച്ച് ഇന്നലെ നടത്തി. കളക്ടറേറ്റിൽ നിന്നും തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തേക്കാണു പ്രതിഷേധ റാലി നടത്തിയത്. പ്രതിഷേധ റാലിയിൽ നിരവധി ഓട്ടോറിക്ഷ ഡ്രൈവർമാർ പങ്കെടുത്തു. സമരപരിപാടികളുടെ അടുത്തഘട്ടമായി 14നു രാവിലെ 10മുതൽ 15നു രാത്രി എട്ടുവരെ തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ഉപവാസസമരം നടത്തും.
നഗരസഭയുടെ പുറത്തുനിന്നുള്ള ഓട്ടോറിക്ഷകൾ അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി വേണമെന്നു യൂണിയനുകൾ ആവശ്യപ്പെട്ടു. പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾക്കും അനധികൃത സർവീസുകാർക്കും എതിരെ നടപടി സ്വീകരിക്കണം. സ്റ്റാൻഡുകളിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ കാര്യത്തിൽ പരാതി കുറവാണ്.
അനധികൃതമായി നഗരത്തിൽ സർവീസ് നടത്തുന്നവരാണു പ്രശ്നങ്ങൾ സൃഷ്്ടിക്കുന്നത്. പഴയ നഗരസഭാ പരിധിയിലുള്ളവർക്കല്ലാതെ മറ്റ് ഓട്ടോറിക്ഷകൾക്കു ടൗണ് പെർമിറ്റ് നൽകുന്നില്ല. കോട്ടയം നഗരസഭയിലേക്കു നാട്ടകം, കുമാരനല്ലൂർ പ്രദേശങ്ങൾ കൂട്ടിച്ചേർത്തെങ്കിലും ഈ പ്രദേശത്തുള്ളവർക്ക് ഇനിയും ടൗണ് പെർമിറ്റ് നൽകുന്നില്ല. തിരിച്ചുപോകുന്പോൾ ഓട്ടം കിട്ടാൻ സാധ്യതയില്ല.
നഗരത്തിലെ ഏതു സ്റ്റാൻഡിൽനിന്നും യാത്രക്കാരെ കയറ്റാനുള്ള അനുമതി വേണം. ഓരോ പ്രദേശത്തേക്കുമുള്ള നിരക്കു മുൻകൂട്ടി തീരുമാനിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രതിഷേധസമരം മോട്ടർ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് എം.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.