കോട്ടയം: ടൗണ് പെർമിറ്റുള്ള ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിച്ച് സർവീസ് ആരംഭിച്ചെങ്കിലും നിരക്കു സംബ ന്ധിച്ച് യാത്ര ക്കാരിൽ ആശയക്കുഴപ്പം തുടരുന്നു. നിരക്ക് നിശ്ചയിക്കുന്നതിലെ ബുദ്ധിമുട്ട് പലപ്പോഴും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നഗര പെർമിറ്റ് ലഭിക്കാത്ത ഓട്ടോറിക്ഷകൾ ഇപ്പോഴും ടൗണിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും പരിശോധന സുതാര്യമല്ല. മീറ്റർ ഘടിപ്പിച്ചിട്ടുണ്ടോയെന്നു മാത്രമാണു മോട്ടോർ വാഹനവകുപ്പ് നോക്കുന്നത്.
പെർമിറ്റ് സംബന്ധിച്ച് പരിശോധന വിരളമാണ്. ഏതാനും ഓട്ടോറിക്ഷകളിൽ ഇപ്പോഴും മീറ്റർ ഘടിപ്പിച്ചിട്ടില്ല.തിങ്കളാഴ്ച ജില്ലാ കളക്ടറുമായി ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ചയിൽ മീറ്റർ ഘടിപ്പിച്ചു സർവീസ് നടത്താമെന്ന് വാക്കു പറഞ്ഞുവെങ്കിലും നടപ്പാക്കാൻ പല ഡ്രൈവർമാർക്കും താത്പര്യമില്ലെന്നാണു പരാതി ഉയർന്നിരിക്കുന്നത്.
യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നു യാത്രക്കാർ കയറിയാലുടൻ മീറ്റർ പ്രവർത്തിപ്പിക്കണം എന്നതായിരുന്നു. ഇന്നലെയും പല ഓട്ടോറിക്ഷകളിലെയും മീറ്റർ അനങ്ങിയില്ല. ചിലർ മീറ്റർ പ്രവർത്തിപ്പിച്ചുവെങ്കിലും വാങ്ങിയതു പഴയ നിരക്ക് തന്നെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽനിന്ന് കെഎസ്ആർടിസി സ്റ്റാൻഡിലേക്കുപോയ യാത്രക്കാരിൽ പലർക്കും ഇന്നലെയും 50രൂപ നൽകേണ്ടി വന്നു.
യൂണിയൻ നേതൃത്വം തങ്ങളുടെ പരാതികൾ പൂർണമായി ഉൾക്കൊണ്ടില്ലെന്നും ഒട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. റിട്ടേണ് ഓട്ടത്തിനു സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്കു പോകുന്പോൾ സർക്കാർ അനുവദിച്ചിട്ടുള്ളതനുസരിച്ചു മിനിമം ചാർജായ 25 രൂപ കഴിഞ്ഞു വരുന്ന തുകയുടെ അന്പതു ശതമാനം അധികമായി ഈടാക്കുമെന്നതാണു പ്രധാന വ്യവസ്ഥ. ഇത്തരം സവാരികളിൽ മിനിമം ചാർജ് കൂടി ഉൾപ്പെടുത്തിയാണു ഡ്രൈവർമാർ കൂലി വാങ്ങിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അതേസമയം നഗരത്തിൽ കൃത്യമായി മീറ്റർ കാശിൽ മാത്രം ഓടിയ ഡ്രൈവർമാരുമുണ്ട്. മീറ്റർ ശ്രദ്ധിക്കാതെ പണം നൽകിയവർക്ക് കൂടുതലായി നൽകിയ തുക തിരികെ നൽകി മാതൃക കാണിച്ച ഡ്രൈവർമാരുമുണ്ട്. യോഗത്തിലെ മറ്റൊരു പ്രധാന തീരുമാനമായ അനധികൃത ഓട്ടോകൾക്കെതിരായ നടപടി ഇന്നലെ കാര്യമായി നടന്നില്ലെന്നും ആക്ഷേപമുണ്ട്.