കോഴിക്കോട്: യാത്രയ്ക്കിടെ ഓട്ടോയിൽ മറന്നുവച്ച പത്തു ലക്ഷം രൂപയുടെ വജ്രാഭരണങ്ങളടങ്ങുന്ന ബാഗ് വീട്ടമ്മയെ തിരിച്ചൽപ്പിച്ച് കോഴിക്കോടൻ പെരുമയുമായി വീണ്ടും നഗരത്തിലെ ഓട്ടോ ഡ്രൈവർ. പുതിയങ്ങാടി സ്വദേശി മാളിയേക്കൽ എം. സാമി എന്ന ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ, നഷ്ടപ്പെട്ടുവെന്നു കരുതിയ ആഭരണങ്ങളും പണവും മിനിറ്റുകൾക്കകം കർണാടക സ്വദേശിനി ഫിലോമിന ജോർജിന് തിരിച്ചുകിട്ടി. ഇന്നലെ ഉച്ചയ്ക്ക് 12.44 ന് റെയിൽവെ സ്റ്റേഷൻ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിൽനിന്ന് സിവിൽസ്റ്റേഷനിലെ ബന്ധുവീട്ടിലേക്ക് ഓട്ടോപിടിച്ച ഫിലോമിന ഇറങ്ങുന്ന തിരക്കിനിടയിൽ സ്യൂട്ട്കേസ് എടുക്കാൻ മറന്നു.
വജ്രാഭരണങ്ങൾക്കു പുറമെ, പതിനായിരത്തിലധികം രൂപയും ചെക് ബുക്കും എടിഎം കാർഡടക്കം രേഖകളും സ്യൂട്ട്കേസിലുണ്ടായിരുന്നു. വീട്ടിലെത്തി മിനിറ്റുകൾക്ക് ശേഷമാണ് ബാഗ് നഷ്ടപ്പെട്ടതറിയുന്നത്. ഉടൻതന്നെ കോഴിക്കോട്ടെ ബന്ധു മുഖേന ട്രാഫിക് അസി. കമ്മീഷണർ എ.കെ.ബാബു, സിഐടിയു ഓട്ടോ സെക്ഷൻ നേതാവ് നൗഷാദ് എന്നിവരെ വിവരമറിയിച്ചു. പ്രീപെയ്ഡ് കൗണ്ടറിൽ നിന്നു നൽകിയ സ്ളിപ്പിലെ നന്പറിന്റെ അടിസ്ഥാനത്തിൽ, ഫിലോമിന കയറിയത് കെഎൽ 11 ഇസഡ് 4883 നന്പർ ഓട്ടോയിലാണെന്ന് ട്രാഫിക് പോലീസ് കണ്ടെത്തി. തുടർന്ന് ഓട്ടോ ഡ്രൈവറെ അന്വേഷിച്ച് ട്രാഫിക് പോലീസ് നഗരറോഡുകൾ അരിച്ചുപെറുക്കി.
ഒരു മണിക്കൂറിനകം, ഇതേ ഓട്ടോ സിവിൽസ്റ്റേഷനിലെ ബന്ധുവീട്ടിനു മുന്നിലെത്തി. കോളിങ്ങ് ബെൽ കേട്ട് ഫിലോമിന വാതിൽ തുറന്നപ്പോൾ കൈയിൽ സ്യൂട്ട്കെയ്സുമായി പുഞ്ചിരിക്കുന്ന മുഖത്തോടെ നിൽക്കുന്ന ഓട്ടോ ഡ്രൈവറെയാണ് കണ്ടത്. സിവിൽസ്റ്റേഷനിലേക്കുള്ള ഓട്ടം കഴിഞ്ഞ് ഉൗണ് കഴിക്കാനായി പുതിയങ്ങാടിയിലെ വീട്ടിലേക്കു പോയ സാമി, ഓട്ടോ നിർത്തിയിട്ടും പിൻസീറ്റിലിരുന്ന സ്യൂട്ട്കേസ് കണ്ടില്ല. ‘’ആരുടേതാണ് ബാഗ്’’ എന്നു ഭാര്യ ചോദിച്ചപ്പോഴാണ് അദ്ദേഹമത് കാണുന്നത്. ഉടൻതന്നെ സിവിൽസ്റ്റേഷനിലേക്ക് കുതിക്കുകയായിരുന്നു. പുതിയങ്ങാടി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കൂടിയായ സാമി, ഫിലോമിന നൽകിയ പണം പോലും സ്വീകരിക്കാതെയാണ് മടങ്ങിപ്പോയത്.