കോട്ടയം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഓട്ടോ ,ടാക്സി തൊഴിലാളികൾ ജൂലൈ നാല് മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ഓട്ടോ ടാക്സി നിരക്കുകൾ പുനർനിർണയം ചെയ്യുക, ലീഗൽ മൊട്രോളജിയുടെ കൊള്ള അവസാനിപ്പിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, കള്ളടാക്സികളും, അനധികൃത ഓട്ടോറിക്ഷകളും ഒഴിവാക്കുക, ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പണിമുടക്കിന്റെ വിജയത്തിനായി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്തട്രേഡ് യൂണിയൻ കണ്വൻഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. എ.വി. റസൽ , എം ജി ശേഖരൻ , സാബുപുതുപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
അതേ സമയം ജൂലൈ 20 മുതൽ ലോറി പണിമുടക്കു നടത്താൻ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോണ്ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിലാണ് ലോറി പണിമുടക്ക്. 10 മുതൽ ബുക്കിംഗ് സ്വീകരിക്കില്ല. ഡീസൽ വില വർധനപിൻവലിക്കുക, ഏകീകൃത വില നിശ്ചയിക്കുക, മൂന്നു മാസത്തിൽ ഒരിക്കൽ മാത്രം വില ക്രമീകരണം നടപ്പാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ