തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്സി നിരക്കുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റർ വരെ 25 രൂപയായും ടാക്സിയുടെ മിനിമം നിരക്ക് അഞ്ചു കിലോമീറ്റർ വരെ 175 രൂപയായും വർധിപ്പിക്കും.
ഓട്ടോറിക്ഷയ്ക്കു മിനിമം ദൂരം കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ വീതം ഈടാക്കും. 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്.ടാക്സിക്ക് മിനിമം നിരക്കു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 15 രൂപ ഈടാക്കിയിരുന്നതു 17 രൂപയാകും.
നിരക്കു വർധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗതാഗത മന്ത്രി ഇന്നു നിയമസഭയിൽ നടത്തും. ഓട്ടോറിക്ഷയുടെ മിനിമം നിരക്കു മുപ്പതും ടാക്സിയുടേത് ഇരുനൂറും ആക്കണമെന്നായിരുന്നു ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി സർക്കാരിനു നൽകിയ ശിപാർശ. ഇന്ധനവില ഉയർന്ന സാഹചര്യത്തിലായിരുന്നു ഓട്ടോ- ടാക്സി നിരക്കു വർധന ആവശ്യമുയർന്നത്. ഇപ്പോൾ ഇന്ധനവിലയിൽ നേരിയ കുറവു വന്നിട്ടുണ്ട്. 2014 ഒക്ടോബർ ഒന്നിനാണ് ഇതിനുമുമ്പ് ഓട്ടോ- ടാക്സി നിരക്ക് ഉയർത്തിയത്.