മുക്കം: മുക്കം ടൗണിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി മുക്കത്തെ ഓട്ടോടാക്സി തൊഴിലാളികളുടെ മാതൃക. ഓട്ടോടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ന്റെ നേതൃത്വത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മുക്കം അനാർക്ക് ബിൽഡേഴ്സ് എന്നിവരുമായി സഹകരിച്ചാണ് പ്രവൃത്തി നടത്തിയത്.
മുക്കം പിസി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി വാഹനയാത്രക്കാർക്ക് വലിയ ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ രാവിലെ മുതൽ റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
മുക്കം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആലിൻ ചുവട് തുടങ്ങിയ സ്ഥലങ്ങളിലും രൂപപ്പെട്ട കുഴികൾ കോൺക്രീറ്റ് ചെയ്തു. പ്രവൃത്തിക്ക് എം. സുഭാഷ്, കെ. ബാബു, ഇ.പി. സന്തോഷ്, ദാമോദരൻ കോഴഞ്ചേരി ,ഷൈജു, പ്രസാദ്, എം.പി. സുനിൽ, അബു ചോണാട്, ബജീഷ്, ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.