ഇരിങ്ങാലക്കുട: പട്ടണത്തിലെ ഓട്ടോറിക്ഷകൾ യാത്രക്കാരിൽനിന്നും അമിത ചാർജ് ഈടാക്കുന്നുവെന്നും മീറ്ററുകൾ വയ്ക്കുന്നില്ലെന്നുമുള്ള പരാതിയെ തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ കീഴിലുള്ള സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധന.
കഴിഞ്ഞദിവസം ഉച്ചയ്്ക്ക് 12.30 ഓടെ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഓട്ടോ പേട്ടയിലാണു ജോയിന്റ് ആർടിഒ മനോജിന്റെ നേതൃത്വത്തിൽ സംഘം പരിശോധനക്കെത്തിയത്. ഇതുസംബന്ധിച്ച് കണ്ഠേശ്വരം റസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്.
പട്ടണത്തിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ പേട്ടകളിൽ ഉൾപ്പെടാത്തവരും പുറത്തുനിന്നും വരുന്ന വണ്ടികളുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നു ബസ് സ്റ്റാൻഡ് പേട്ടയിലെ ഓട്ടോ ഉടമകൾ ഉദ്യോഗസ്ഥരോടു പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച പരാതി ന്യായമാണെന്നും പട്ടണത്തിൽ ഓടുന്ന ഓട്ടോറിക്ഷകളിൽ അധികവും മീറ്റർ പ്രവർത്തിക്കാറില്ലെന്നും പട്ടണത്തിൽ അനധികൃത ഓട്ടോ പേട്ടകൾ പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.
പരിശോധന ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ് അധികൃതർ എത്തിയ ഉടനെ പേട്ടയിലുണ്ടായിരുന്ന ഏതാനും ഓട്ടോറിക്ഷകൾ സ്ഥലംവിട്ടു. വരുംദിവസങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും നടപടി സ്വീകരിക്കുമെന്നും പരാതി സംബന്ധിച്ച് ഓട്ടോറിക്ഷ ഉടമകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരായ സുരേഷ് നാരായണൻ, ആർ. സുജിത്ത്, എം.ആർ. അരുണ്‍ എന്നിവർ പരിശോധനക്കു നേതൃത്വം നൽകി.