ഓട്ടോസ്പോട്ട് / ഐബി
ഫോർഡ് അടുത്ത മാസം വിപണിയിലിറക്കുന്ന എക്കോസ്പോർട്ടിന്റെ പുതിയ പതിപ്പിൽ എൻജിൻ മുതൽ നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കന്പനി അടുത്തിടെ പുറത്തിറക്കിയ പുതിയ 1.5 ലിറ്റർ 3- സിലിണ്ടർ പെട്രോൾ എൻജിനാണ് മുഖ്യ ആകർഷണം. കൂടാതെ പുതിയ മുഖവും സിസൈനിൽ വരുത്തിയ മാറ്റങ്ങളും വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.
എൻജിൻ
കോംപാക്ട് എസ്യുവി വിഭാഗത്തിലെത്തുന്ന എക്കോസ്പോർട്ടിന്റെ പെട്രോൾ വേരിയന്റിന്റെ കരുത്ത് 1.5 ലിറ്റർ 3-സിലിണ്ടർ ടിഐ-വിസിടി ഡ്രാഗണ് സീരിസ് പെട്രോൾ എൻജിനാണ്. നേരത്തെയുണ്ടായിരുന്ന 1.4 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനു പകരമാണ് പുതിയ എൻജിൻ. ഇതു കൂടാതെ 1.0 ലിറ്റർ എക്കോ ബൂസ്റ്റ്, 1.5 ലിറ്റർ ടിസിഡിഐ ഡീസൽ എൻജിനുകൾ നിലനിർത്തിയിട്ടുമുണ്ട്. 2013ൽ നിരത്തിലെത്തിയതു മുതൽ ഈ രണ്ട് എൻജിനുകളും വാഹനത്തിന്റെ കരുത്താണ്.
ട്രാൻസ്മിഷൻ
മൂന്ന് എൻജിനുകളും വരുന്നത് 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷനിലാണ്. പുതിയ പെട്രോൾ എൻജിന്റെ ഓട്ടോമാറ്റിക് വേരിയന്റിൽ ആറ് സ്പീഡ് ട്രാൻസ്മിഷനാണുള്ളത്.
കൂടാതെ പാഡിൽ ഷിഫ്റ്റ്, ഹിൽ ലോഞ്ച് അസിസ്റ്റ് എന്നിവ ഈ സെഗ്മെന്റിൽ ആദ്യമാണെന്ന് കന്പനി അവകാശപ്പെടുന്നു.
പെർഫോമൻസ്
മുന്പുണ്ടായിരുന്ന പെട്രോൾ എൻജിന്റെ 100 പിഎസ് പവറിനു പകരം 123 പിഎസ് പവറാണ് പുതിയ പെട്രോൾ എൻജിനുള്ളത്. 150 എൻഎം ടോർക്ക് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു.
ഫീച്ചറുകൾ
ക്രൂയിസ് കണ്ട്രോളിനൊപ്പം എല്ലാ കണ്ട്രോൾ യൂണിറ്റുകളും സ്റ്റിയറിംഗ് വീലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ പുതിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഫോർഡ് വാഹനത്തിനു നല്കിയിരിക്കുന്നു. പിന്നിലെ യാത്രക്കാർക്കായി റിയർ സീറ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ എക്കോസ്പോർട്ടിലുണ്ട്.
സുരക്ഷ
ടോപ് വേരിയന്റിൽ ആറ് എയർബാഗുകൾ സുരക്ഷയൊരുക്കുന്പോൾ ബേസ് മോഡൽ മുതൽ രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവയുണ്ട്. കൂടുതൽ സുരക്ഷയ്ക്കായി സിങ്ക് 3, എമർജൻസി അസിസ്റ്റൻസ് ഫീച്ചർ എന്നിവയും ഇതിലുണ്ട്.
അഞ്ച് വേരിയന്റുകൾ
ആംബിയന്റ്, ട്രെൻഡ്, ട്രെൻഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ്.
വലുപ്പം
നാലു മീറ്ററിൽ താഴെയുള്ള കോപാക്ട് എസ്യുവി വിഭാഗത്തിലെത്തുന്ന എക്കോസ്പോർട്ടിന് 3,998 എംഎം നീളവും 1,765 എംഎം വീതിയും 1,677 എംഎം ഉയരവുമുണ്ട്. ബൂട്ട് സ്പേസ് 346 ലിറ്റർ. റിയർ സീറ്റ് മടക്കിയാൽ ബൂട്ട് സ്പേസ് 705 ലിറ്ററായി ഉയർത്താം.
നവംബർ ഒന്പതിന് വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 6.5 ലക്ഷം മുതൽ 11 ലക്ഷം വരെ.