കൊച്ചി: കോവിഡ് രോഗബാധിതരായവരെ ആംബുലന്‍സ് ലഭിക്കാന്‍ കാത്തുനില്‍ക്കാതെ വേഗത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് നഗരത്തില്‍ ഓട്ടോ ആംബുലന്‍സുകള്‍ ആരംഭിച്ചു.
ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ സഹകരണത്തോടെ കൊച്ചി കോര്‍പറേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച ഒരു വനിതയടക്കം 18 ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി ഉണ്ടാകും.
നഗരത്തിലെ കോവിഡ് ബാധിതര്‍ക്ക് അടിയന്തര സഹായമായാണ് കോവിഡ് ഓട്ടോ ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്.
രോഗികളെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും.
കോവിഡ് പ്രതിരോധത്തിനാവശ്യമായ മരുന്നുകളും പോര്‍ട്ടബില്‍ ഓക്സിജന്‍ ക്യാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്രറെഡ് തെര്‍മോമീറ്റര്‍ എന്നീ ഉപകരണങ്ങളും ഓട്ടോ ആംബുലന്‍സുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
24 മണിക്കൂറും സേവനം ലഭ്യമാകുന്ന വിധത്തിലാണ് ഓട്ടോ ആംബുലന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്, മോട്ടോര്‍ വാഹന വകുപ്പ്, സി-ഹെഡ്, കോവിഡ് സേഫ് നെറ്റ് വര്‍ക്ക്, ടെക്ക്നോവിയ തുടങ്ങിയ സ്ഥാപനങ്ങളുടെയും പിന്തുണ പദ്ധതിക്കുണ്ടെന്ന് മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു.
പദ്ധതിക്കാവശ്യമായ സാമ്പത്തിക ചെലവ് വഹിക്കുന്നത് ജിഐഇഡും കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനും ചേര്‍ന്നാണ്.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷത വഹിച്ചു. ജിഐഇഡിന്റെ ക്ലസ്റ്റര്‍ ഹെഡ് ഏണസ്റ്റ് ഡൊറാങ്ങ് ് മുഖ്യാതിഥിയായിരുന്നു.