ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ കന്നഡ ഭാഷയുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങളും സംവാദങ്ങളും ഉയർന്നുവരാറുണ്ട്. പഠനം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമല്ല, വിദേശരാജ്യങ്ങളിൽനിന്നുള്ളവരും താമസിക്കുന്ന ബംഗളൂരുവിൽ അടുത്തിടെയായി കന്നഡ സംസാരിക്കാത്തവരോടുള്ള വിവേചനം വർധിച്ചുവരികയാണത്രെ. ഇത്തരം അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേർ പങ്കുവയ്ക്കുന്നുണ്ട്.
ഒരേ സ്ഥലത്തേക്കുള്ള യാത്രയ്ക്ക് കന്നഡ യുവതിയോടും ഹിന്ദി സംസാരിക്കുന്ന യുവതിയോടും ബംഗളൂരുവിലെ ഓട്ടോറിക്ഷക്കാർ വ്യത്യസ്ത ചാർജ് ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഹിന്ദി യുവതിയോട് 300 രൂപ നിരക്ക് ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവർ, അതേ സ്ഥലത്തേക്ക് കർണാടകക്കാരിയോടു പറഞ്ഞത് 200 രൂപ മാത്രമാണ്.
ഹിന്ദി യുവതിയോട് യാത്രയ്ക്ക് വിസമ്മതം പ്രകടിച്ച ഡ്രൈവർ കന്നഡ യുവതിയോടു പോകാം എന്നും പറയുന്നു. വീഡിയോ വൈറലായതോടെ നഗരത്തിലെ അന്യായമായ ചാർജ് നിർണയത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഓട്ടോയാത്രയ്ക്ക് മാത്രമല്ല, മറ്റു കാര്യങ്ങളിലും കർണാടകക്കാരല്ലാത്തവരോട് വിവേചനം കാട്ടുന്നതായി പരാതികൾ ഉയരുന്നുണ്ട്.