ന്യൂഡൽഹി: രാജ്യത്ത് 2020 ഏപ്രിൽ ഒന്നിനു ശേഷം ഭാരത് സ്റ്റേജ് 4 (ബിഎസ് 4) വാഹനങ്ങൾ വിൽക്കരുതെന്ന് സുപ്രീംകോടതി. വാഹനങ്ങളിൽനിന്നു പുറംതള്ളുന്ന മലിനീകരണകാരികളുടെ അളവ് നിഷ്കർഷിക്കുന്ന സംവിധാനാണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡാർഡ്സ്. 2020 ഏപ്രിൽ മുതൽ ഈ നിബന്ധന നിർബന്ധമായും പാലിച്ചിരിക്കണമെന്നാണ് ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. കൂടുതൽ ശുദ്ധമായ ഇന്ധനം ഉപയോഗിക്കാനുള്ള സമയമായെന്നും ബെഞ്ച് വിലയിരുത്തി.
2017 ഏപ്രിൽ മുതൽ രാജ്യത്ത് ബിഎസ് 4 നിബന്ധനപ്രകാരം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. എന്നാൽ, ബിഎസ് 5 ഒഴിവാക്കി 2020 ആകുന്പോഴേക്കും ബിഎസ് 6 നിബന്ധന സ്വീകരിക്കുമെന്നാണ് 2016ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
മുന്പ് മലിനീകരണത്തിന്റെ പേരിൽ 2000 സിസിക്കു മുകളിലുള്ള വാഹനങ്ങൾക്ക് നിയന്ത്രണം വന്നിരുന്നെങ്കിലും ഇപ്പോഴത്തെ ഉത്തരവിന് അതുമായി ബന്ധമില്ല.
സുപ്രീംകോടതിയുടെ പുതിയ വിധി വാഹനനിർമാതാക്കൾക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ബിഎസ് 6ലേക്കു മാറുന്നത് കനത്ത നഷ്ടം വരുത്തിവയ്ക്കുമെന്നാണ് വാഹനനിർമാതാക്കളുടെ നിലപാട്. 2020 മാർച്ച് 31 വരെ നിർമിക്കുന്ന ബിഎസ് 4 വാഹനങ്ങൾ വിൽക്കാൻ കൂടുതൽ സമയം വേണമെന്നും വാഹനനിർമാതാക്കൾ അറിയിച്ചു.
അതേസമയം, ഏപ്രിൽ ഒന്നിനുശേഷം ബിഎസ് 4 വാഹനങ്ങൾ വിറ്റഴിക്കാൻ നിർമാതാക്കൾക്ക് ആറു മാസം സമയം അനുവദിക്കാമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി വാദിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ എ.എൻ.എസ്. നന്ദകർണി സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, 2020 ഏപ്രിൽ ഒന്നിനു ശേഷമേ സമയം നീട്ടി നല്കണമോ എന്ന് സുപ്രീംകോടതി തീരുമാനിക്കൂ.