അന്പലപ്പുഴ: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാർ പിടിച്ചെടുത്ത് പിഴയീടാക്കിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കാറുടമയായ യുവാവിന്റെ അസഭ്യവർഷം.
അന്പലപ്പുഴ സ്വദേശിയായ അജേഷാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥർക്കെതിരേ അസഭ്യവർഷം ചൊരിഞ്ഞത്.
രണ്ടാഴ്ച മുന്പാണ് പരാതിയെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കാർ പിടിച്ചെടുത്തത്. ആർടിഒ പി.ആർ. സുരേഷിന്റെ നിർദേശ പ്രകാരമായിരുന്നു വാഹനം പിടിച്ചെടുത്തത്.
കാറിന്റെ സൈലൻസർ മാറ്റിയ ശേഷം മറ്റൊരു കന്പനിയുടെ സൈലൻസർ ഘടിപ്പിച്ച് ആളുകളെ ഭയപ്പെടുത്തുന്ന ശബ്ദത്തിലായിരുന്നു കാറോടിച്ചിരുന്നത്.
ഇതു കൂടാതെ കാറിന്റെ ടയറുകളുടെ വീൽ ബ്സ്േ ഇളക്കി മാറ്റി പകരം ഘടിപ്പിക്കുകയായിരുന്നു. വാഹനം അടിമുടി രൂപ മാറ്റം വരുത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് കാർ പിടിച്ചെടുത്തത്.
അന്തരീക്ഷ മലിനീകരണത്തിനു കാരണമായ രീതിയിൽ അമിതമായി പുക പുറത്തേക്ക് തള്ളിയിരുന്നു. ഇതിന് 18,500 രൂപ യുവാവിൽനിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു.
വാഹനം പഴയ രീതിയിലാക്കിയ ശേഷം പരിശോധനയ്ക്കു വിധേയമാക്കണമെന്നും നിർദേശിച്ചിരുന്നു.
തുടർന്നാണ് കഴിഞ്ഞദിവസം യുവാവ് സോഷ്യൽ മീഡിയയിലൂടെ ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞത്.
അതിനിടെ വാഹനം പൂർവ സ്ഥിതിയിലാക്കാതെ പഴയ രീതിയിൽ അമിത ശബ്ദത്തിൽ ഇപ്പോഴും സഞ്ചരിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.