ആലുവ: മെഡിക്കൽ കോളജിലേക്കു പോകുംവഴി ഓട്ടോറിക്ഷയിൽ യുവതിക്കു സുഖപ്രസവം. കാലടി മരോട്ടിച്ചോട്ടിൽ താമസിക്കുന്ന ഹോട്ടൽ ജീവനക്കാരനായ നേപ്പാൾ സ്വദേശി ഗോവിന്ദയുടെ ഭാര്യ ലക്ഷ്മി (22) യാണ് ഓട്ടോയിൽ തന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മംനൽകിയത്. ആൺകുഞ്ഞാണ്. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നു.
പൂർണഗർഭിണിയായ ലക്ഷ്മിയെ കാലടിയിൽനിന്നു കളമശേരി ഗവ. മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്പോൾ ആലുവയിൽ വച്ചു പ്രസവവേദന ഉണ്ടാവുകയായിരുന്നു. ഉടൻതന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്ക് ഓട്ടോ വിട്ടു.
ആശുപത്രിയിൽ പ്രവേശിപ്പിക്കും മുന്പു ഓട്ടോയിൽ പ്രസവം നടന്നു. ആശുപത്രിക്കു മുന്നിൽ ഓട്ടോറിക്ഷയിൽ മറകെട്ടി നഴ്സുമാർ പ്രാഥമിക ശുശ്രൂഷകൾ നടത്തി. രോഷ്നി, സുശീല എന്നീ പെൺകുട്ടികൾക്കുശേഷമാണു ലക്ഷ്മി ആൺകുഞ്ഞിനു ജന്മം നൽകിയത്.