കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷാണ് (33) പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്ത്(47) വെട്ടേറ്റ് മരിച്ചത്.
ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ശ്രീകാന്തിനെ പിന്തുടര്ന്നുവരികയായിരുന്നുവെന്നും ശ്രീകാന്ത് മദ്യലഹരിയിലാണെന്ന് മനസിലാക്കിയാണ് കൊല നടത്തിയെതെന്നും പ്രതി പോലീസിന് മൊഴി നല്കി. നേരത്തേ പരിചയക്കാരാണ് ധനീഷും ശ്രീകാന്തും.
സംഭവം നടന്ന പണിക്കര്‍ റോഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പണിക്കർ റോഡിൽ വച്ചാണ് കൊലപാതകം നടന്നത്. ശ്രീകാന്തും സുഹൃത്തും ഓട്ടോയിൽ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അക്രമം നടന്നത്. മദ്യലഹരിയില്‍ ആയതിനാല്‍ സുഹൃത്തിന് ഒന്നും മനസിലായില്ല. വെട്ടുക്കൊണ്ട ശ്രീകാന്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തളര്‍ന്നു വീഴുകയായിരുന്നു.കൊലപാതകം നടന്നതിന്റെ സമീപത്തായി ശ്രീകാന്തിന്റെ കാർ കത്തിക്കിടക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പോലീസ് സംശയം. ആഴത്തിൽ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തിൽ 15 ഓളം മുറിവുകളേൽപ്പിച്ചതായി റിപ്പോർട്ടിലുണ്ട്.