ഉരുവച്ചാൽ: കളഞ്ഞു കിട്ടിയ സ്വർണവും പണവുമടങ്ങിയ ബാഗ് തിരിച്ചു നൽകി ഓട്ടോ ഡ്രൈവറായ യുവതി മാതൃകയായി. ശിവപുരം ടൗണിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവറായ ശ്രീജക്കാണ് റോഡിൽ നിന്ന് പണവും സ്വർണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയത്. ശിവപുരം -നടുവനാട് റോഡിൽ കരൂഞ്ഞിയിൽ ട്രിപ്പ് പോയി തിരിച്ചു വരുന്നതിനിടെയാണ് റോഡിൽ കാണപ്പെട്ടത്.
ബാഗ് എടുത്ത ഉടനെ ഒന്നും നോക്കാതെ ശ്രീജ മാലൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എട്ടു പവൻ സ്വർണവും 50,000 രൂപയും വിലമതിക്കുന്ന ആപ്പിൾ ഫോണും അടങ്ങിയ ബാഗാണ് കളഞ്ഞുകിട്ടിയത്.
സ്റ്റേഷനിലെ പോലീസുകാർ ബാഗ് കളഞ്ഞു കിട്ടിയതായി ബാഗിന്റെ ഫോട്ടോ സഹിതം വാട്സാപ്പ് വഴി പ്രചരിച്ചതോടെയാണ് ബാഗിന്റെ ഉടമയെ കണ്ടെത്തിയത്. ശിവപുരം പാങ്കളത്തെ ടി.പി.ശഹീറിന്റെ ഭാര്യ സി. പി.അഫ്സീനയുടെതാണ് ബാഗ് നഷ്ടമായത്.
കരൂഞ്ഞിയിലെ വീട്ടിൽ നിന്ന് കാറിൽ ശിവപുരത്തേക്ക് പോകുന്നതിനിടെയാണ് ബാഗ് നഷ്ടമായതെന്ന് അഫ്സീന പോലീസിനോട് പറഞ്ഞു. മാലൂർ സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് എസ്ഐ സത്യനാഥന്റെനേതൃത്വത്തിൽ ശ്രീജ അഫ്സീനക്ക് ബാഗ് കൈമാറി. ഓട്ടോ ഡ്രൈവർ ശ്രീജയുടെ സത്യസന്ധതയെ സഹ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പോലീസുകാരും അഭിനന്ദിച്ചു.