വടകര: നിരപരാധിയായ തന്നെ ബസുകാര് സംഘടിതമായി അക്രമിയായി ചിത്രീകരിക്കുകയാണെന്ന് ഓട്ടോ ടാക്സി ഡ്രൈവര്‍ ഇരിങ്ങല്‍ ചെറിയാവി ഹരിദാസന് .
താന്‍ ആരേയും അക്രമിച്ചിട്ടില്ലെന്നും കണ്ടക്ടര്‍ തന്നെയാണ് തല്ലിയതെന്നും ഓട്ടോ ടാക്സിയുടെ ഗ്ലാസ് കണ്ടക്ടര്‍ കൈകൊണ്ട് അടിച്ചു പൊട്ടിക്കുകയാണ് ചെയ്തതെന്നും ഹരിദാസന് പറഞ്ഞു.
മുപ്പത് വര്‍ഷത്തോളം ബസ് ഡ്രൈവറായിരുന്ന ഹരിദാസന് അറുപത്തിയൊന്നാം വയസിലും കുടുംബം പോറ്റുന്നതിനു വേണ്ടിയുള്ള കഷ്ടപ്പാടിലാണ്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. ഷോള്‍ഡര്‍ വേദന കാരണം ബസ് ഓടിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഓട്ടോ ടാക്സി വാങ്ങുന്നത്.
ആദ്യം വടകര നാരായണനഗരം ജംഗ്ഷന് കേന്ദ്രമായി സര്‍വീസ് നടത്തിയെങ്കിലും ജീപ്പുകാര് എതിര്‍പ് ഉയര്‍ത്തിയതോടെയാണ് പോലീസിന്റെ തന്നെ മൗനാനുവാദത്തോടെ കൈനാട്ടിയിലേക്കു മാറിയത്. ബസുകാരെ ബുദ്ധിമുട്ടിക്കാതെയാണ് ഇതുവരെ ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് വള്ളിക്കാട്-വൈക്കിലശേരി ഭാഗത്തേക്കു സ്പെഷ്യല്‍ വിളിച്ചവരേയും കൊണ്ടുപോവുമ്പോഴാണ് ബസ് കണ്ടക്ടര്‍ ഇറങ്ങി വന്നു ചോദ്യം ചെയ്തതും വാക്കേറ്റവും പ്രശ്നവുമായതും.
ഓട്ടോയിലുണ്ടായിരുന്നവര്‍ തങ്ങള്‍ സ്പെഷ്യല്‍ വിളിച്ചതാണെന്നു പറഞ്ഞിട്ടും കണ്ടക്ടര്‍ അടങ്ങിയില്ല. വള്ളിക്കാട് വരെ ബസില്‍ പോകണമെന്നായി കണ്ടക്ടര്‍. സമാന്തര സര്‍വീസ് കൊണ്ട് ബസില്‍ യാത്രക്കാരെ കിട്ടുന്നില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു.
വള്ളിക്കാടെത്തിയാല് വൈക്കിലശേരിക്കു ബസുണ്ടോ എന്നു ചോദിച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം തുടര്‍ന്നു. ഇതിനിടയിലാണ് കണ്ടക്ടര്‍ കൈകൊണ്ട് ഇടിച്ച് ഓട്ടോയുടെ ഗ്ലാസ് തകര്‍ന്നത്. അപ്പോഴേക്കും കൂടുതല്‍ ബസുകാര് എത്തി ഓട്ടോഡ്രൈവര്‍ക്കെതിരെ തിരിഞ്ഞു.
കണ്ടക്ടര്‍ക്കു നേരെ ഓട്ടോ ഓടിച്ചുകയറ്റിയെന്നു പറയുന്നത് ശരിയല്ലെന്ന് ഡ്രൈവര്‍ ഹരിദാസന് പറഞ്ഞു. സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാവും. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഹരിദാസന് വ്യക്തമാക്കി.
പോലീസിനെ വിളിച്ചു പറഞ്ഞ ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്താന്‍ ശ്രമിച്ചെങ്കിലും ബസുകാര് വളഞ്ഞതിനാല്‍ നടന്നില്ല. താന്‍ എത്തുന്നത് മുമ്പേ കണ്ടക്ടര്‍ ആശുപത്രിയില്‍ എത്താന്‍ ശ്രമിക്കുകയായിരുന്നു. കണ്ടക്ടര്‍ ഡോക്ടറെ കാണിച്ചതിനു പിന്നാലെ താനും ചികിത്സ തേടിയെന്നും ഹരിദാസന് പറഞ്ഞു.
സംഭവം പോലീസിനു പൂര്‍ണമായി ബോധ്യമായത് കൊണ്ടാണ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ ബസ് തൊഴിലാളികള്‍ സംഘടിതമായി സമരം പ്രഖ്യാപിച്ചതോടെ പോലീസ് അയഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ടക്ടറെ ദേഹോപദ്രവം ഏല്പിച്ചതിന് അറസ്റ്റ് ചെയ്ത ശേഷം ഡ്രൈവര്‍ ഹരിദാസനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതോടെയാണ് മൂന്നു ദിവസങ്ങളിലായി വടകര-തൊട്ടില്‍പാലം റൂട്ടില്‍ നടന്ന ബസ് സമരം അവസാനിച്ചത്.