തലശേരി: മൺത്തിട്ടയിൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്റ്റീൽ ബോബ് ശേഖരം സംബന്ധിച്ച് രഹസ്യ വിവരം നൽകിയ ആളെ ഒറ്റിക്കൊടുത്ത് പോലീസ്.
ബോംബ് ശേഖരം നഷ്ടപ്പെട്ടതിൽ ക്ഷുഭിതരായ ക്രിമിനൽ സംഘത്തിന്റെ വധഭീഷണിക്കു പുറമെ പുതുച്ചേരി പോലീസിന്റെ ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ചോദ്യം ചെയ്യലിനും വിധേയനായ പ്രവാസി കൂടിയായ ഓട്ടോ ഡ്രൈവർ നീതി തേടി ഉന്നത ഉദ്യാഗസ്ഥർക്ക് പരാതി നൽകി.
ചൊക്ലി – പള്ളൂർ പോലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന സ്ഥലത്താണ് സംഭവം. വീടിനോട് ചേർന്നുള്ള മൺത്തിട്ടയുടെ ഒരു ഭാഗത്തെ മൺത്തിട്ടയുടെ കളർ മാറ്റം പ്രദേശവാസിയായ ഓട്ടോറിക്ഷ ഡ്രൈവറുടെ മനസിൽ അസ്വസ്ഥത സൃഷ്ടിച്ചു.
മാസങ്ങൾക്ക് മുമ്പ് പറമ്പ് വൃത്തിയാക്കുമ്പോൾ നടന്ന സ്ഫോടനം ഓർമയിലുള്ള ഇയാൾ മൺതിട്ട രഹസ്യമായി പരിശോധിച്ചു. സംശയം ബലപ്പെട്ടു കൊണ്ടിരിക്കെ മന്ത്രി ജി. സുധാകരൻ ഒരു ഉദ്ഘാടനത്തിനായി നാട്ടിലെത്തിയപ്പോൾ മന്ത്രിയോടൊപ്പം വന്ന പോലീസ് ഉദ്യോഗസ്ഥനോട് ആരും കാണാതെ വിവരം പറഞ്ഞു.
എന്നാൽ മൺത്തിട്ട സ്ഥിതി ചെയ്യുന്നത് പള്ളൂർ പോലീസ് പരിധിയിലാണെന്നായി ഈ ഉദ്യോഗസ്ഥൻ. എന്നാലും വിവരം തന്നയാളുടെ സമ്മർദ്ദത്തിൽ കേരള പോലീസ് സ്ഥലത്തെത്തുകയും പള്ളൂർ പോലീസിന്റെ സാന്നിധ്യത്തിൽ മൺത്തിട്ടക്കുള്ളിൽ നിന്ന് പൈപ്പിനുളളിൽ സൂക്ഷിച്ച നിലയിൽ രണ്ട് സ്റ്റീൽ ബോംബ് കണ്ടെടുക്കുകയും ചെയ്തു.
തൊട്ടടുത്ത് നിന്ന് ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തു. തുടർന്ന് പള്ളൂർ പോലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനിടയിലാണ് ചൊക്ലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനിൽ നിന്നും വിവരം നൽകിയ ആളുടെ വിവരം ചോർന്നത്.
ഇതോടെ കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ളവരിൽ നിന്നും ഓട്ടോഡ്രൈവർക്ക് ഭീഷണിയും ഉയർന്നു. വിവരങ്ങൾ തേടി പള്ളൂർ പോലീസ് വിളിപ്പിച്ച് ഒരു പകൽ മുഴുവൻ ചോദ്യം ചെയ്തു. ബോംബ് വച്ചവരെക്കുറിച്ച് വിവരം നൽകണം.
അല്ലെങ്കിൽ നീ തന്നെയാണ് ബോബ് സൂക്ഷിച്ചതെന്ന് കരുതേണ്ടി വരുമെന്നും പോലീസ് ഭീഷണി മുഴക്കി. മാത്രവുമല്ല വിവരം കേരള പോലീസിനെ അറിയിച്ചതിന്റെ കലിപ്പും പുതുച്ചേരി പോലീസിനുണ്ട്.
നല്ലൊരു കാര്യം ചെയ്ത ഓട്ടോ ഡ്രൈവർക്ക് ഇപ്പോൾ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ നീതി ഉന്നത ഉദ്യോഗസ്ഥരുടെ പിറകെയാണിപ്പോൾ.