ചാലക്കുടി: നേപ്പാൾ സ്വദേശികളായ കുടുംബം ഓട്ടോറിക്ഷയിൽ മറന്നുവെച്ച ഒരുലക്ഷത്തിൽപ്പരം രൂപ പോലീസിൽ ഏല്പിച്ച ഓട്ടോഡ്രൈവർ മാതൃകയായി. പോട്ട ചിറയത്ത് അജയമോനാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. കഴിഞ്ഞദിവസം രാത്രി കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും നേപ്പാൾ സ്വദേശികളായ ഭാര്യയും ഭർത്താവും കുട്ടിയും കൊന്പടിഞ്ഞാമാക്കലിലേക്ക് ഓട്ടോ വിളിച്ചുപോയി.
ജോലി അന്വേഷിച്ച് കൊന്പടിഞ്ഞാമാക്കലിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് വന്നതായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗുകളും മറ്റും എടുത്തുവെങ്കിലും സഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം ഓട്ടോയിൽനിന്നും എടുക്കാൻ മറന്നു. ഓട്ടം കഴിഞ്ഞ് ഓട്ടോറിക്ഷ രാത്രി വീട്ടിൽ കയറ്റിവിട്ടു.
രാവിലെയാണ് ഓട്ടോയിൽ പണമടങ്ങിയ സഞ്ചി കണ്ടെത്തിയത്. ഉടനെ പണം ചാലക്കുടിപോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിനിടയിൽ പണം നഷ്ടപ്പെട്ട നേപ്പാൾ കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്പോഴാണ് പണവുമായി അജയ്മോൻ എത്തിയത്.
നേപ്പാൾ കുടുംബത്തെ വിളിച്ചുവരുത്തി പോലീസിന്റെ സാന്നിധ്യത്തിൽ പണം കൈമാറി. സഹകരണ ബാങ്കിൽനിന്നും എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് ലഭിച്ചിരുന്ന അജയ്മോൻ പണം ലഭിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.