1. വാഹനത്തിനു വേണം തയ്യാറെടുപ്പ്
എൻജിന്റെ ചൂട് കുറയ്ക്കുന്നതിനുള്ള സംവിധാനമാണ് റേഡിയേറ്റർ എന്നറിയാമല്ലോ. വേനൽ ചൂടിൽ റേഡിയേറ്ററിന്റെ ചെറിയ തകരാർ പോലും എൻജിൻ ഓവർ ഹീറ്റാകാൻ ഇടയാകും. ഇത് ചെലവേറിയ എൻജിൻ പണിയ്ക്ക് കാരണമാകും.
കൂളന്റ് പഴകിയതെങ്കിൽ മാറുക. റേഡിയേറ്റർ ക്യാപ്പ് നീക്കി കൂളന്റെ പരിശോധിക്കുക. നിറവ്യത്യാസമുണ്ടെങ്കിൽ മാറുക. റേഡിയേറ്റർ ഫാൻ ബെൽറ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്ന് ഉറപ്പാക്കണം. റേഡിയേറ്ററിനു ചോർച്ചയില്ലെന്നും ഉറപ്പ് വരുത്തണം.
എസിയ്ക്ക് ഏറെ ഉപയോഗമുള്ള കാലമാണിത്. എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക. മതിയായ അളവിൽ റഫ്രിജറന്റ് ഇല്ലെങ്കിൽ തണുപ്പ് കുറയും.
പൊടിയുടെ ശല്യമുണ്ടാകുന്നതിനാൽ ഇടയ്ക്കിടെ വിൻഡ് സ്ക്രീൻ വൃത്തിയാക്കേണ്ടി വരും. അതിനാൽ വാഷർ റിസർവോയറിൽ പതിവായി വെള്ളം നിറച്ച് വയ്ക്കുക.
വാഹനനിർമാതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന അളവിൽ ടയറുകളിൽ വായു കാത്തുസൂക്ഷിക്കുക. ടയറിൽ കാറ്റ് കുറവാണെങ്കിൽ അത് ഘർഷണം വർധിപ്പിക്കും. ഇത് അധികമായി ചൂടുണ്ടാക്കുന്നതിനാൽ ടയറിന്റെ തേയ്മാനം കൂടും. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമർദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കിൽ നികത്തണം. ടയറിൽ നിറയ്ക്കേണ്ട കാറ്റിന്റെ അളവ് ഡ്രൈവർ സൈഡിലെ ഡോർ തുറക്കുന്പോൾ കാണാനാവും.
2. കുട്ടികളെ കാറിൽ ഇരുത്തിയിട്ട് പോകരുത്
യാതൊരു കാരണവശാലും കുട്ടികളെ ഒറ്റയ്ക്ക് കാറിൽ ഇരുത്തിയിട്ട് പുറത്തേയ്ക്ക് പോകരുത്. നിർത്തിയിട്ട കാറിനുള്ളിലെ ചൂട് പത്ത് മിനിറ്റ് കൊണ്ട് അപകടകരമാം വിധം ഉയരും. ഇത് കുട്ടികൾക്ക് താപാഘാതം എൽക്കാൻ ഇടയാക്കും. മുതിർന്നവരെ അപേക്ഷിച്ച് മൂന്ന് മുതൽ അഞ്ച് ഇരട്ടി വേഗത്തിലാണ് കുട്ടികളുടെ ശരീര താപനില ഉയരുകയെന്ന് ഓർക്കുക. വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന കാർ പൂട്ടിയിടാൻ ശ്രദ്ധിക്കുക. കുട്ടികളെ കാറിനുള്ളിൽ കളിക്കാൻ അനുവദിക്കരുത്.
3. കാൽ നടയാത്രക്കാർക്ക് കൂടിയ പരിഗണന
പൊരിവെയിലത്ത് ചുട്ടുപഴുത്ത റോഡിലൂടെ നടക്കുന്പോഴുള്ള അവസ്ഥ അതികഠിനം തന്നെ. ആ സ്ഥിതി മനസിൽ വച്ച് അനുഭാവപൂർവം കാൽനടയാത്രക്കാരോട് പെരുമാറുക. റോഡ് മുറിച്ച് കടക്കാൻ ഒരുങ്ങുന്നവരെ കാർ നിർത്തി കടത്തിവിടുക. കാറിന്റെ മേൽമൂടി നൽകുന്ന തണലും എസിയുടെ തണുപ്പുമൊന്നും അവർക്കില്ലല്ലോ.
4. വെള്ളംകുടി അത്യാവശ്യം
മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെതന്നെ അപകടകരമാണ് ആവശ്യത്തിനു വെള്ളം കുടിക്കാതെയുള്ള ഡ്രൈവിംഗും എന്നാണ് യുകെയിലെ ലോഗ്ബറോ യൂണിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാ്കുന്നത്. ബ്രേക്ക് ചെയ്യാൻ വൈകുക, ലൈൻ വിട്ടുപോകുക, പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയില്ലായ്മ എന്നിങ്ങനെയുള്ള തെറ്റുകൾക്ക് നിർജലീകരണം കാരണമാകുന്നു. വരണ്ട വായ, തലവേദന, തലകറക്കം, ക്ഷീണം എന്നിവ ശരീരത്തിൽ ജലാംശം കുറഞ്ഞെന്നതിന്റെ ലക്ഷണങ്ങളാണ്. വേനൽക്കാല യാത്രയ്ക്കിറങ്ങുന്പോൾ നിർബന്ധമായും അവശ്യത്തിനു കുടിവെള്ളം കാറിൽ കരുതുക. ഇടയ്ക്കിടെ ദാഹം തീർത്ത് ്രെഡെവ് ചെയ്യുക.
5. സണ്‍ഗ്ലാസ് ഉപയോഗിക്കാം
കടുത്ത് സൂര്യപ്രകാശം കണ്ണുകളെ വേഗത്തിൽ ക്ഷീണിപ്പിക്കും. അതുകൊണ്ടുതന്നെ നിലവാരമുള്ള സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നത് നന്നായിരിക്കും. കണ്ണിൽ പൊടി കയറുന്നതും എസിയുടെ കാറ്റേറ്റ് കണ്ണുകൾ വരണ്ടുപോകുന്നത് തടയാനും സണ്‍ ഗ്ലാസ് സഹായിക്കും. വേനൽക്കാലത്ത് പൊടി കൊണ്ടുള്ള അലർജിയ്ക്കു സാധ്യത കൂടുതലുണ്ട്. അലർജിയോ ആസ്മയോ ഉള്ളവർ ആവശ്യമായ മരുന്നുകൾ വാഹനത്തിൽ കരുതുക.
6. വേനൽ മഴയെ സൂക്ഷിക്കുക
നീണ്ട ഇടവേളയ്ക്ക് ശേഷം മഴ പെയ്യുന്പോൾ റോഡിലെ എണ്ണയും അഴുക്കുമെല്ലാം കൂടിക്കുഴഞ്ഞ് വഴുക്കൽ ഉണ്ടാക്കും. ഇത്തരം വഴുക്കലുള്ള പ്രതലത്തിൽ ടയറിനു മതിയായ പിടുത്തം കിട്ടില്ല. അതിനാൽ വേനൽ മഴയിൽ വേഗം കുറച്ച് വാഹനം ഓടിക്കുക. അരമണിക്കൂർ നിർത്താതെ മഴ കിട്ടിയാലേ റോഡിലെ എണ്ണയും അഴുക്കുമെല്ലാം കഴുകിപോകൂ.
7. പെട്ടെന്ന് തണുപ്പിക്കാൻ
വണ്ടിയിൽ നിന്ന് ഇറങ്ങി അൽപ്പം കൂടുതൽ നടക്കേണ്ടിവന്നാലും തണലുള്ള സ്ഥലം നോക്കി വണ്ടി പാർക്ക് ചെയ്യുക. അല്ലാത്തപക്ഷം സൂര്യപ്രകാശം വാഹനത്തിനു പിന്നിൽ പതിക്കും വിധം വണ്ടി പാർക്ക് ചെയ്യുക. സ്റ്റിയറിംഗ് വിലും സീറ്റുമൊക്കെ ചൂടാകുന്നത് ഇങ്ങനെ തടയാം. പാർക്ക് ചെയ്യുന്പോൾ മുന്നിലെയും പിന്നിലെയും വിൻഡ് സ്ക്രീനുകൾക്ക് ഉള്ളിൽ തിളക്കമുള്ള സണ്‍ഷേഡ് വയ്ക്കുന്നതും ഉള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.
ഏറെ നേരം വെയിലത്ത് കിടന്ന വാഹനം എടുക്കുന്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിയ്ക്കുക, ചൂട് വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ ഇതു സഹായിക്കും. അതിനുശേഷം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക.
പൊടിയില്ലാത്ത, ശുദ്ധ വായു ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രം എസിയുടെ വെന്റിലേഷൻ ( പുറത്ത് നിന്ന് വായു സ്വീകരിക്കുന്ന) മോഡ് ഇടുക. റിസർക്കുലേഷൻ മോഡിൽ വാഹനത്തിനുള്ളിലെ വായുവാണ് എസി തണുപ്പിക്കുക. കാബിൻ വേഗത്തിൽ തണുപ്പിക്കാൻ ഈ മോഡാണ് ഉത്തമം.
ഐപ്പ് കുര്യന്