മുക്കം: ഇരുവൃക്കകളും തകരാറിലായ മുക്കത്തെ ഓട്ടോ തൊഴിലാളി ഒളകര അബ്ദുനാസറിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ ഒരു ദിവസത്തെ കളക്ഷൻ മാറ്റിവച്ചു. ഏറെക്കാലം തങ്ങൾക്കൊപ്പം ഓട്ടോ ഓടിച്ച അബ്ദുനാസറിന്റെ ഇരു വൃക്കകളും മാറ്റിവയ്ക്കുന്നതിനായി 25 ലക്ഷത്തിലധികം രൂപ ചിലവ് വരും. നിർധന കുടുംബാംഗമായ നാസറിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബാധ്യതയാണ്.
ചികിത്സയുടെ ആദ്യഘട്ടങ്ങളിൽ നാസർ തന്റെ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനമായിരുന്നു ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസിനും തന്റെ കുടുംബത്തിനുമായി ചിലവഴിച്ചിരുന്നത്.എന്നാൽ രോഗം മൂർഛിച്ചതോടെ ജീവിതം വഴിമുട്ടുകയായിരുന്നു. ഈ സന്ദർഭത്തിലാണ് മുക്കം ബസ് സ്റ്റാൻഡ്, ആലിൻ ചുവട് ,വില്ലേജ് ഓഫീസ് റോഡ് എന്നിവിടങ്ങളിലെ നൂറിൽപ്പരം ഓട്ടോകൾ സഹായ ഹസ്തവുമായി രംഗത്തെത്തിയത്.
ഇന്നലെ ലഭിച്ച കളക് ഷനിൽ പെട്രോൾ കാശ് കഴിച്ച് ബാക്കി മുഴുവൻ തുകയും നാസറിന്റെ ചികിത്സാ ഫണ്ടിലേക്ക് നൽകും. ഓട്ടോ ചാർജിന് പുറമെ അധിക തുക നൽകിയാണ് നാട്ടുകാരും ഈ ജീവകാരുണ്യ ഉദ്യമത്തിൽ പങ്കാളിയായത്. കഴിഞ്ഞ വർഷം സത്താർ എന്ന വൃക്കരോഗിയുടെ ചികിത്സാ ധനസഹായത്തിനായും മുക്കത്തെ ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ കളക്ഷൻ മാറ്റിവച്ചിരുന്നു.