ഗാന്ധിനഗർ: കുടുംബശ്രീ യൂണിറ്റിന് മൊബൈൽ കാറ്ററിംഗ് നടത്തുന്നതിനായി വാങ്ങിയ കവചിത ഓട്ടോറിക്ഷ പദ്ധതി ഉദ്ഘാടനശേഷം വഴിയിരികിൽ.
പഞ്ചായത്ത് ഫണ്ടും ബാങ്ക് വായ്പയും എടുത്തു വാങ്ങിയ പുതിയ വാഹനമാണ് മാസങ്ങളായി മഴയും വെയിലുമേറ്റ് വഴിയരികിൽ കിടന്നു നശിക്കുന്നത്.
അയ്മനം പഞ്ചായത്തിന്റെ എട്ടാം വാർഡിലെ പുളിഞ്ചുവട്- തൂത്തുട്ടി റോഡിൽ നിന്നും കിംസ് ആശുപത്രിയിലേക്കുള്ള റോഡിലാണ് ഈ പുതിയ വാഹനം ഉപേക്ഷിക്കപ്പെട്ടതു പോലെ കിടക്കുന്നത്.
അയ്മനം പഞ്ചായത്തിന്റെ കുടുംബശ്രീയിലെ അഞ്ചു വനിതകൾ അടങ്ങുന്ന ഒരു യൂണിറ്റിനാണ് സ്വാദ് എന്ന പേരിൽ മൊബൈൽ കാറ്ററിംഗ് നടത്തുന്നതിന് അനുമതി നൽകിയത്.
കാറ്ററിംഗ് കൂടാതെ വഴിയരികിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ തട്ടുകട നടത്താനും പദ്ധതിയിട്ടിരുന്നു.
2018-19ലെ പ്ലാൻ ഫണ്ടിൽ നിന്ന് മൂന്നു ലക്ഷവും ബാങ്കിൽ നിന്ന് വായ്പയും എടുത്താണ് പഞ്ചായത്തിലെ മുഴുവൻ മേഖലകളിലും ആവശ്യക്കാർക്ക് ഹോം ഫുഡ് എത്തിക്കുന്നതിനു പദ്ധതി തയാറാക്കിയത്.
ഇതിനായി മൂന്നു ലക്ഷം രൂപാ മുതൽ മുടക്കി കവചിത ഓട്ടോറിക്ഷയും ഒരു ലക്ഷം രൂപായുടെ കാറ്ററിംഗ് അനുബന്ധ പാത്രങ്ങളും വാങ്ങിയിരുന്നു.
ഓട്ടോറിക്ഷ ഓടിക്കുന്നതിന് ലൈസൻസുള്ളവർ കുടുംബശ്രീയിൽ ഇല്ലാത്തതാണ് വാഹനം പ്രയോജനപ്പെടുത്താൻ കഴിയാത്തതെന്ന് ആക്ഷേപമുണ്ട്.