ഗാന്ധിനഗർ: അഞ്ചു ജില്ലകളിൽ നിന്നുള്ള കുട്ടികളുടെ ചികിത്സാ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ഓട്ടോമാറ്റിക് രക്ത പരിശോധന സംവിധാനം ഇല്ല. സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടർന്ന് എലിപ്പനി, ഡെങ്കിപ്പനി എന്നിവയടക്കം പല തരത്തിലുള്ള പനി ബാധിച്ച് കുട്ടികൾ ചികിത്സ തേടിവരുന്നതിനാൽ ഏത് തരത്തിലുള്ള പനി ആണെന്ന് കണ്ടെത്തണമെങ്കിൽ അടിയന്തരമായി രക്ത പരിശോധന നടത്തണം.
അങ്ങനെ പരിശോധന നടത്തുന്നതിനുള്ള ഓട്ടോമാറ്റിക് ഉപകരണമായ എലൈസ റീഡർ എന്ന മെഷീൻ വളരെ ആവശ്യമാണ്.എന്നാൽ ഏഴ് ലക്ഷം രൂപ മാത്രം ചെലവുള്ള ഈ മെഷീൻ വാങ്ങുവാൻ അധികൃതർ തയ്യാറാകുന്നില്ല. അതിനാൽ വളരെ ദരിദ്രർ പോലും അമിത ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ്.
എലിപ്പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുവാൻ സാധ്യതയുള്ളതിനാൽ ഈ മെഷീൻ വാങ്ങുന്നതിന് അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.കുട്ടികളുടെ ആശുപത്രിയിൽ 24 മണിക്കൂറും ലാബ് പരിശോധനകൾ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി ബന്ധം തകരാറിലായാൽ പിന്നീട് മുഴുവൻ പരിശോധനകളും സ്വകാര്യ സ്ഥാപനത്തിലേക്ക് പറഞ്ഞുവിടും.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നാൽ വളരെ പ്രശസ്തമായ ഈ ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലച്ചാൽ പകരം സംവിധാനമായ ജനറേറ്റർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിനുള്ള ശ്രമം ആരംഭിക്കുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.