സ്വന്തം ലേഖകൻ
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ് തുറന്നു. ഗേറ്റിലൂടെ കടന്നുപോകുന്നവർക്കു പനിയുണ്ടെങ്കിൽ കണ്ടെത്തും. കടന്നു പോകുന്നവരുടെ ഫോട്ടോയും വീഡിയോയും കംപ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്യും. ഒരേസമയം 15 പേർ ഒന്നിച്ചുകടന്നാലും വിവരങ്ങളെല്ലാം രേഖപ്പെടുത്താനാകും.
ഇത്തരം രണ്ടു ഗേറ്റുകളാണ് റെയിൽവേ സ്റ്റേഷനിലെ മുഖ്യകവാടത്തിൽ സ്ഥാപിച്ചത്. ഒരു ഗേറ്റ് അകത്തേക്കു പ്രവേശിക്കുന്നവർക്കുള്ളതും രണ്ടാമത്തേതു പുറത്തേക്കു വരുന്നവർക്കുള്ളതും.ഗേറ്റിന്റെ ഉദ്ഘാടനം രാവിലെ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർവഹിച്ചു.
ഗേറ്റ് സംഭാവന നൽകിയ മണപ്പുറം ഗ്രൂപ്പിന്റെ കോ-പ്രമോട്ടർ സുഷമ നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. ഇതോടെ, ഇന്ത്യയിൽ സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ഉള്ള ചുരുക്കം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ തൃശൂർ റെയിൽവേ സ്റ്റേഷനും ഇടംപിടിച്ചു.
കോവിഡ് വ്യാപന സാഹചര്യത്തിൽ സ്വയം നിയന്ത്രിത ഗേറ്റ് സ്ഥാപിച്ചതോടെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്കു യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂർണമായും ഒഴിവാക്കാനാകും.കൂട്ടംകൂടി നിന്നു പ്ലാറ്റ്ഫോമിലേക്കു കയറുന്ന സാഹചര്യം മാറാനും ഈ അത്യാധുനിക സംവിധാനം വഴിയൊരുക്കും.
സുരക്ഷ മുൻനിർത്തി രേഖപ്പെടുത്തുന്ന യാത്രക്കാരുടെ ഫോട്ടോകൾ ഭാവിയിലും ഉദ്യോഗസ്ഥർക്കു സഹായകരമാകും.കോവിഡിനുശേഷവും റെയിൽവേ സുരക്ഷാ സേനയ്ക്കു യാത്രക്കാരുടെ നിയന്ത്രണത്തിന് അനുയോജ്യമായ തരത്തിലും നിർമിതബുദ്ധി വഴി സ്വയംനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രീതിയിലുമുള്ള അത്യാധുനിക സംവിധാനമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സജ്ജമായിരിക്കുന്നത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂരിക്കോർപ് കന്പനിയുടെ ഇന്ത്യൻ പാർട്ണർ ആയ നെക്സ്ബ ഹെൽത്ത് കെയർ കന്പനിയാണ് മണപ്പുറം ഫിനാൻസിനുവേണ്ടി ഇതു നിർമിച്ചുനൽകിയത്.
മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പിആർഒ സനോജ് ഹെർബർട്ട്, കെ.എം. അഷ്റഫ്, തൃശൂർ റെയിൽവേ സ്റ്റേഷൻമാസ്റ്റർ ജയകുമാർ, ലയണ്സ് ഡിസ്ട്രിക്ട് 318ഡി പിആർഒയും അഡീഷണൽ സെക്രട്ടറിയുമായ കെ.കെ. സജീവ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.