കടുത്തുരുത്തി: കോവിഡ് മൂലം ജീവിതം പൂട്ടിയിട്ട നാളുകളില്‍ കായിക പരിശീലകനെന്ന വേഷം കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് കണ്ടതോടെ കൃഷ്ണന്‍കുട്ടി കാക്കിയിട്ട ഓട്ടോ ഡ്രൈവറായി.
ആപ്പാഞ്ചിറ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ 53കാരനായ കീഴൂര്‍ ചമ്പന്നിയില്‍ കൃഷ്ണന്‍കുട്ടി മൂന്ന് പതിറ്റാണ്ടായി കായിക പരിശീലനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.
സ്വകാര്യ സ്കൂളുകളില്‍ കായിക പരിശീലനം നടത്തി കിട്ടുന്ന വരുമാനം കൊണ്ടാണ് ഇദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്.
കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടച്ചു പൂട്ടിയതോടെ തൊഴിലില്ലാത്ത അവസ്ഥയായതോടെയാണ് പുതിയ തൊഴില്‍മേഖലയിലേക്കു ഇറങ്ങാന്‍ ഇദേഹം നിര്‍ബന്ധിതനായത്.
ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇദേഹത്തിന്റെ പരിശീലക മികവിന്റെ ഭാഗമായി മെഡല്‍ ജേതാക്കളായിട്ടുണ്ട്.
കൃഷ്ണന്‍കുട്ടിയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ 18 ഓളം വിദ്യാര്‍ഥികള്‍ സ്പെഷൽ ഒളിമ്പിക്സ്, ഏഷ്യ, പസഫിക് മീറ്റ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളില്‍ പോലും തിളങ്ങാന്‍ സാധിച്ചിട്ടുണ്ട്.
കോട്ടയം വില്ലൂന്നി സതീര്‍ത്ഥ്യ സ്പെഷല്‍ സ്കൂളിലെ ആഷ്ലി ജയന് എന്ന വിദ്യാര്‍ഥിനിയെ കേരളത്തില്‍നിന്നുള്ള ആദ്യ സ്പെഷൽ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവാക്കാന്‍ കഴിഞ്ഞതാണ് കൃഷ്ണന്‍കുട്ടിക്ക് ഈ രംഗത്തുണ്ടായ ഏറ്റവും അഭിമാനകരമായ നേട്ടം.
2012ല്‍ ഗോവയില്‍ നടന്ന ഓള് ഇന്‍ഡ്യ കോച്ചിംഗ് ക്യാമ്പില്‍ ബെസ്റ്റ് കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ദ്രോണാചാര്യ പുരസ്കാര ജേതാവായ തോമസ് മാഷിനാല് ആദരിക്കപ്പെട്ടിട്ടുണ്ട്.
കായിക പരിശീലനം ജീവിതവ്രതമാക്കിയ ഇദ്ദേഹം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷമത സ്പോര്‍ട്സ് ട്രെയിനിംഗ് സെന്ററിലെ മുഖ്യശില്പികളിലൊരാളും അതില്‍ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന പരിശീലകനുമാണ്.
സ്കൂളുകള്‍ അടഞ്ഞതോടെ കുടുംബം പുലര്‍ത്താനായി ഏതാനും മാസം മുമ്പാണ് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്.
ഈ ഓട്ടോറിക്ഷയുടെ പേരും ക്ഷമത എന്നു തന്നെയായത് കായിക പരിശീലനത്തോടുള്ള ആത്മാര്‍ഥമായ ഇടപെടലിന്റെ നേര്‍സാക്ഷ്യമാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയിലുള്ള യാത്രകള്‍ കുറഞ്ഞതോടെ വരുമാനം നിലച്ചു. ഇദ്ദേഹമിപ്പോള്‍ കടബാധ്യതയിലാണ്.
അര്‍ബുദ രോഗബാധിതയായ ഭാര്യ ഗീതയും വിദ്യാര്‍ഥികളായ കിഷോറും കിഷാന്തും വൃദ്ധമാതാവും വിധവയായ സഹോദരിയും അടങ്ങുന്നതാണ് കൃഷ്ണന്‍കുട്ടിയുടെ കുടുംബം.
സ്കൂളുകള്‍ തുറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ശുഭപ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പഴയപടിയിലേക്ക് എത്താന്‍ ഇനിയും എത്രകാലം കഴിയണമെന്നത് കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.