കൂടുതല്‍ സുരക്ഷിതത്വമുള്ള ഡ്രൈവറില്ലാ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് ലോകത്തുള്ള ഒട്ടുമിക്ക വാഹനകമ്പനികളും. ഗൂഗിള്‍ പുറത്തിറക്കിയ ഡ്രൈവറില്ലാ കാര്‍ വന്‍ വിപ്ലവമാണ് ഈ മേഖലയില്‍ സൃഷ്ടിച്ചത്. എന്നാല്‍ ഡ്രൈവറില്ലാ ഇരുചക്രവാഹനങ്ങള്‍ വന്നാലോ ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ഡ്രൈവറില്ലാതെ ഓടുന്ന ബൈക്കാണ്. ആദ്യം ഇത് കൊള്ളാമല്ലോ ! എന്നു തോന്നിയാലും പിന്നീട് കാര്യങ്ങളറിയുമ്പോള്‍ അത്ര രസം തോന്നില്ല.
പാരീസിലെ ഒരു ഹൈവേയില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റൈഡറില്ലാതെ ഹൈവേയിലൂടെയോടുന്ന ബൈക്കു കണ്ട് അമ്പരന്നെന്നാണ് വിഡിയോ പകര്‍ത്തിയ ആള് പറയുന്നത്. കൂടാതെ അടുത്തെങ്ങും അപകടം നടന്നതിന്റെ തെളിവുമുണ്ടായിരുന്നില്ല എന്നും വിഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു അപകടത്തിന്റെ ബാക്കിപത്രമാണ് തനിയെ സഞ്ചരിക്കുന്ന ബൈക്ക് എന്നാണ് പോലീസ് ഭാഷ്യം. ഹൈവേയിലൂടെ ക്രൂസ് കണ്ട്രോളില് വരികയായിരുന്ന റൈഡര്‍ അപകടത്തില്‍പെട്ടു മോട്ടോര്‍സൈക്കിളില്‍ നിന്നും തെറിച്ച് വീണെങ്കിലും, മോട്ടോര്‍സൈക്കിള്‍ യാത്ര തുടരുകയായിരുന്നു. അപകടത്തില്‍ കൈക്കു പരിക്കേറ്റ റൈഡര്‍ തന്റെ ബൈക്കിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഇയാള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകള്‍ക്കു ശേഷം ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ മോട്ടോര്‍സൈക്കിളിനെ കണ്ടെത്തുകയായിരുന്നു. പോലീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ബൈക്ക് വലിയ താരമായെന്നു പറഞ്ഞാല്‍ മതിയല്ലോ.