വൈക്കം: വെച്ചൂർ ഇടയാഴം – കല്ലറ റോഡിൽ കൊടുതുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചേർത്തല മുട്ടത്തിപ്പറമ്പ് ഉള്ളാടശേരിൽ ജിബുമോനാ(47)ണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ സുരമ്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജിബുമോൻ ഭാര്യക്കൊപ്പമെത്തി മരുന്നു വാങ്ങിയശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊടുതുരുത്തിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ പാടത്തേക്ക് മറിയുകയായിരുന്നെന്ന് പറയപ്പെടുന്നു.
വീഴ്ചയിൽ ഓട്ടോറിക്ഷയിൽനിന്ന് ജിബുമോൻ തെറിച്ച് പാടത്തിനു സമീപത്തായുള്ള ചതുപ്പിലെ ചെളിയിൽ മുഖം കുത്തി വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജിബുമോൻ മരിച്ചു.
ശ്വാസകോശത്തിൽ ചെളി നിറഞ്ഞതും വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ സുരമ്യയുടെ പരിക്കുകൾ ഗുരുതരമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: അഭിറാം, അഭിജിത്ത്. മാതാവ്: വാസന്തി.