വൈക്കം: വല്ലകത്തിനും തുറുവേലിക്കുന്നിനുമിടയിലുള്ള ചേന്നങ്കേരി വളവില്‍ കുഴിരൂപപ്പെട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ രക്ഷകരായത് തുറുവേലിക്കുന്നിലെ ഓട്ടോക്കാര്‍. വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചുണ്ടായ ആഴമേറിയ കുഴി യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയായപ്പോഴാണ് ഓട്ടോക്കാര്‍ രക്ഷകരായി അവതരിച്ചത്. റോഡില്‍ കിടങ്ങുപോലെ രൂപപ്പെട്ട കുഴി തുറുവേലിക്കുന്നിലെ ഓട്ടോകാര്‍ സ്വന്തം ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തുകയായിരുന്നു.
പൈപ്പ് സ്ഥാപിക്കാനായി റോഡിനു കുറുകെ ആഴത്തില്‍ കുഴിയെടുത്ത വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ച ശേഷം കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും കനത്ത മഴയില്‍ കോണ്‍ക്രീറ്റ് ഒലിച്ചു പോയി കിടങ്ങു പോലെ ആഴത്തില്‍ കുഴി രൂപപ്പെടുകയായിരുന്നു.
ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ല. മുമ്പേതന്നെ അപകടങ്ങള്‍ക്ക് പേരു കേട്ട വളവില്‍ രൂപപ്പെട്ട കുഴി അപകടങ്ങളുടെ എണ്ണം കുത്തനെ കൂട്ടി. രാത്രിയില്‍ പരിചയമില്ലാത്തവര്‍ ഇതുവഴി വന്നാല്‍ വീഴുന്ന ദുരവസ്ഥയായിരുന്നു. റോഡ് സൈഡിലുള്ള അനധികൃത പാര്‍ക്കിംഗും അപകടങ്ങള്‍ക്ക് കാരണമായി.
കണ്ടെയ്‌നര്‍വഹിച്ചു കൊണ്ടുള്ള വലിയ വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ സമീപത്തെ വീടുകള്‍ വരെ കുലുങ്ങുമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെങ്കിലും ഓട്ടോക്കാര്‍ യഥാസമയത്ത് വേണ്ടത് ചെയതതോടെ അപകടം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാര്‍. കുഴിനികത്താന്‍ മുന്‍കൈയ്യെടുത്ത ഓട്ടോക്കാര്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.