പത്തനംതിട്ട: ഓട്ടോറിക്ഷകള്‍ക്ക് അന്തര്‍ജില്ലാ പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം ശബരിമലയിലേക്കുള്ള പന്പാ പാതയില്‍ നടപ്പാകില്ല. സംസ്ഥാന പെര്‍മിറ്റ് ഉണ്ടെന്ന പേരില്‍ ഓട്ടോറിക്ഷകള്‍ ശബരിമലയിലേക്ക് വരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തടയിടാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആലോചിച്ചു തുടങ്ങി.
ഓട്ടോറിക്ഷകളുടെ യാത്രയ്ക്കു പറ്റിയ പാതയല്ല പന്പയിലേക്കുള്ളതെന്നതിനാല് ഇവയ്ക്ക് പണ്ടുമുതല്ക്കേ യാത്രാ നിരോധനമുണ്ട്. എന്നാല്‍ ഓരോ തീര്‍ഥാടനകാലത്തും നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് നിരോധനം മറികടന്ന് എത്തുന്നത്. ശബരിമല സേഫ് സോണ്‍ പദ്ധതി ഏര്‍പ്പെടുത്തിയതോടെ ഓട്ടോറിക്ഷകള്‍ വടശേരിക്കരയില്‍ തടയുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓട്ടോറിക്ഷകള്‍ക്ക് പന്പയിലേക്കു പോകാന്‍ കഴിയുമായിരുന്നെങ്കിലും അട്ടത്തോട് വരെ ഇവയുടെ യാത്രയും പരിമിതപ്പെടുത്തിയിരുന്നു.
എന്നാല്‍, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ പുതിയ തീരുമാനപ്രകാരം ശബരിമല പാതയില്‍ ഓട്ടോറിക്ഷകള്‍ക്കു സഞ്ചരിക്കാനാകും. നിലവിലെ പെര്‍മിറ്റ് അനുസരിച്ച് ഓട്ടോറിക്ഷകള്‍ക്ക് ജില്ല അതിര്‍ത്തിവിട്ട് പരമാവധി 20 കിലോമീറ്ററാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്.
വളവുകളും കയറ്റവും നിറഞ്ഞ കാനനപാത ഓട്ടോറിക്ഷകളുടെ യാത്ര സുരക്ഷിതമല്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. തന്നെയുമല്ല, ശബരിമലയിലേക്ക് ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കുന്ന തീര്‍ഥാടകര്‍ വാഹനം അലങ്കരിക്കുന്ന പ്രവണതയും കണ്ടുവരുന്നു.
വാഴപ്പിണ്ടിയും തേങ്ങാക്കുലകളും ഓട്ടോറിക്ഷകളില്‍ കെട്ടി എത്തുന്നതോടെ കാനനപാതയില്‍ ഇത് കൂടുതല്‍ അപകടരമാണ്. വഴിവക്കില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്. യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകള്‍ തടഞ്ഞു തീര്‍ഥാടകരെ പമ്പ ബസില്‍ കയറ്റിവിടുകയാണ് മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്.
ഓട്ടോറിക്ഷകള്‍ക്കു നിയന്ത്രണം വരുന്നതിനു മുന്‍പ് നിരവധി അപകടങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട് പന്പ പാതയിലുണ്ടായിട്ടുണ്ട്. മണ്ഡല, മകരവിളക്കു കാലത്ത് മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കുന്ന സേഫ്സോണ്‍ പദ്ധതിയിലെ പ്രധാന നിര്ദേശങ്ങളിലൊന്നായിരുന്ന ഓട്ടോറിക്ഷകള്‍ക്കുള്ള യാത്രാ നിയന്ത്രണം.