ഓട്ടോറിക്ഷയും ഹൈടെക്കാവുന്നു! കാഷ്‌ലെസ് ഇടപാടുകള്‍ ഇനി ഓട്ടോറിക്ഷയിലും; ജിപിഎസും ഡ്രൈവര്‍ക്ക് മാര്‍ക്കിടാനുള്ള സംവിധാനവും പ്രത്യേകതകള്‍

auto647_122416065550നോട്ട്‌നിരോധനം വന്നതിന്‌ശേഷം ഒട്ടുമിക്ക പണമിടപാടുകളും കാഷ്‌ലെസായി മാറുകയുണ്ടായി. ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കുന്നതിനും, എന്തിനേറെ പറയുന്നു, ബസില്‍ വരെ ഇലക്ട്രോണിക് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. നല്ലൊരുശതമാനം ആളുകളും ഇപ്പോള്‍ കാര്‍ഡാണ് ഉപയോഗിക്കുന്നത്. ഇപ്പോളിതാ ഓട്ടോറിക്ഷകളിലും ക്രെഡിറ്റ് കാര്‍ഡുപയോഗം വ്യാപകമാവുന്നു. ക്രെഡിറ്റ് കാര്‍ഡ് ഓട്ടോറിക്ഷകളിലും ഉപയോഗിക്കാവുന്ന ഒരു സംവിധാനം നിലവില്‍ വന്നിരിക്കുന്നു. ഓട്ടോക്കാരുടെ സേവനങ്ങള്‍ക്ക് ഏറെ പേരുകേട്ട കോഴിക്കോടാണ് ഇത് ആദ്യമായി നിലവില്‍ വന്നിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വെഹിക്കിള്‍ എസ്ടി എന്ന ആപ്പിലൂടെയാണ് ഡിജിറ്റല്‍ ഓട്ടോകള്‍ സേവനം നല്‍കുന്നത്. ആപ്പിലൂടെ ഓട്ടോയുടെ സേവനം ബുക്ക് ചെയ്യുമ്പോള്‍ ജിപിഎസിലൂടെ യാത്രക്കാരന്‍ എവിടെയാണെന്ന് കണ്ടെത്തി, അയാള്‍ക്ക് ഏറ്റവും അടുത്തുള്ള ഓട്ടോ സവാരിക്കായെത്തും. ഉടനടി നടത്തേണ്ട യാത്ര, അഡ്വാന്‍സായി ബുക്ക് ചെയ്യേണ്ട യാത്ര തുടങ്ങിയ ഓപ്ഷനുകള്‍ ഈ ആപ്പിലുണ്ട്.

ജിപിഎസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓട്ടോകളില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് ഏതെല്ലാം വഴിയിലൂടെയാണെന്ന് യാത്രക്കാരന് മനസ്സിലാക്കുകയും ചെയ്യാം. യാത്രയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകുന്ന പക്ഷം വണ്ടിയിലെ ടാബില്‍ ഘടിപ്പിച്ച എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരമെത്തും. സ്ത്രീകള്‍ക്കും രാത്രിയാത്രക്കാര്‍ക്കും തീര്‍ത്തും ഉപകാരപ്രദമാണ് ഈ സംവിധാനം. യാത്ര അവസാനിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ പണം കൈമാറാം. ഓട്ടോ ഡ്രൈവറുടെ പെരുമാറ്റവും സ്വഭാവവും സേവനവും വിലയിരുത്തികൊണ്ട് അയാള്‍ക്ക് മാര്‍ക്കിടാനും കസ്റ്റമറിന് സാധിക്കും.

Related posts