മലയാളികളില്‍ പലര്‍ക്കും ഓട്ടോറിക്ഷയെന്നത് ഒരു വികാരമാണ്. അത്യാവശ്യഘട്ടങ്ങളില്‍ കൂട്ടാവുന്ന, സഹയാത്രികനാവുന്ന ഒരു സഹോദരനെപ്പോലെ ഓട്ടോയെയും ഓട്ടോ ഡ്രൈവര്‍മാരെയും കരുതുന്നവരാണ് പണ്ടു മുതലേ മലയാളികള്‍. പ്രത്യേകിച്ച് കോഴിക്കോട്ടെ ഓട്ടോക്കാരെക്കുറിച്ച് പണ്ടുമുതലേ നല്ലത് മാത്രമേ ആളുകള്‍ പറഞ്ഞ് കേട്ടിട്ടുള്ളൂ.
ഇങ്ങനെയൊക്കെയുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും നിലനില്ക്കുമ്പോള് കോഴിക്കോട്ടുകാരിയായ ഒരു പെണ്‍കുട്ടി മറ്റൊരു നാട്ടിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്ന് തനിക്കുണ്ടായ അനുഭവം വിവരിച്ചുകൊണ്ട് രസകരമായി എഴുതിയ ഒരു തുറന്ന കത്താണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
പ്രിയപ്പെട്ട ഓട്ടോസഹോദരങ്ങള്‍ അറിയുന്നതിന്,
കോട്ടയം നഗരഹൃദയത്തിലുള്ള ഒരു കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഞാന്‍. കോഴിക്കോടാണ് സ്വദേശം. അതിനാല്‍ തന്നെ വാരാന്ത്യങ്ങളില്‍ നാട്ടില്‍ പോയി തിങ്കളാഴ്ച പുലര്‍ച്ചെ, മലബാര്‍ എക്സ്പ്രസിനു തിരികെ വരുന്നതാണു പതിവ്. രാവിലെ 4.45നു കോട്ടയം സ്റ്റേഷനില്‍ എത്തിയാല്‍ കേവലം 3 കിലോമീറ്റര്‍ ദൂരത്തുള്ള എന്റെ ഹോസ്റ്റല്‍ വരെ പോകാന്‍ ഓട്ടോ കാത്തുനില്ക്കേണ്ടതു ചുരുങ്ങിയത് ഒരുമണിക്കൂറാണ്.
ഓട്ടോ ഇല്ലാത്തതല്ല പ്രശ്നം, ചെറിയ ദൂരത്തേക്കുള്ള ഓട്ടമായതിനാല്‍ ആരും വരുന്നില്ല. നാഗമ്പടം, കഞ്ഞിക്കുഴി, ഈരയില്‍ക്കടവ്, കെഎസ്ആര്‍ട്ടിസി ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ അടുത്തുള്ള പലയിടത്തേക്കും ഓട്ടോ വരാത്തതിനാല്‍ കുഞ്ഞുങ്ങളുമായി വന്നവരും പ്രായമായവരുമെല്ലാം കഷ്ടപ്പെടുന്നതു കാണാം.
ഞാനും പലയിടത്തേക്കുമുള്ള ഒട്ടേറെ വിദ്യാര്‍ഥികളും ഇതേപ്രശ്നം നേരിടുന്നു. ഇനി, ഇത്രനേരം കാത്തുനിന്നു കിട്ടുന്ന ഈ ചെറിയദൂരം ഓട്ടോയാത്രയ്ക്കു വാങ്ങുന്നതു പലപ്പോഴും കൂടുതല്‍ തുകയുമാകും. പ്രീപെയ്ഡ് സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എത്ര ആശ്വാസമായിരുന്നെന്ന് ആരും ഓര്‍ത്തു പോകും.
ഈ കാത്തുനില്പു സ്ഥിരമായപ്പോള്‍, എന്തു കൊണ്ടാണ് എല്ലാവരും ഞങ്ങളെ ഒഴിവാക്കുന്നതെന്ന് സ്റ്റേഷനിലെ ഒരു ഓട്ടോചേട്ടനോട് ഞാനൊരിക്കല്‍ ചോദിച്ചു. അത് സ്റ്റേഷനിലെ സ്റ്റാന്‍ഡിലുള്ള ഓട്ടോക്കാരാവില്ല, പുറത്തുനിന്നു വരുന്നവരാകും എന്ന മറുപടിയാണു ലഭിച്ചത്.
ദീര്‍ഘദൂരം യാത്രചെയ്തു ക്ഷീണിച്ചെത്തുന്ന ഞങ്ങള്‍ സാധാരണക്കാര്‍ ഇനി സ്റ്റേഷന് സ്റ്റാന്‍ഡിലെ ഓട്ടോക്കാരെയും അല്ലാത്തവരെയുമൊക്കെ വേര്‍തിരിച്ചു കണ്ടെത്തി ഓട്ടോ വിളിക്കണമെന്നാണോ? പഴയ പ്രീപെയ്ഡ് കൗണ്ടറിനു മുന്നില്‍ നിര്‍ത്തുന്ന ഓട്ടോക്കാരും ചെറുദൂരങ്ങളിലേക്കു പുലര്‍ച്ചെ വരാറില്ലെന്നതും ഇവിടെ ചേര്‍ക്കട്ടെ.
മഞ്ഞയും കറുപ്പും നിറത്തിലുള്ള ഈ വണ്ടി ഒരു വികാരമായി കരുതുന്ന നാട്ടില്‍നിന്നു വന്നതുകൊണ്ടോ എന്തോ, കോളജ് പഠനം പൂര്‍ത്തീകരിച്ചു മടങ്ങുന്നതിനു മുന്‍പേ ഇത് അനീതിയാണെന്നതു നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നു കരുതി. അടുത്ത തിങ്കളാഴ്ച ട്രെയിനിറങ്ങിയ ശേഷം ഓട്ടോ കാത്തുനില്‍ക്കേണ്ടി വരില്ലെന്ന പ്രതീക്ഷയോടെ, – ശ്രേയ ജോയ്