ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: കൈ കോർത്ത് പിടിച്ച് രണ്ട് മുച്ചക്ര വാഹനങ്ങളിൽ ജിവിതതോണി ആഞ്ഞു തുഴയുകയാണ് ജിൻസിയും മിനിയും. ഓട്ടോ ഓടിക്കാൻ പഠിച്ചത് ഒരുമിച്ച്. വായ്പയെടുത്ത് ഓട്ടോ വാങ്ങിയതും ഒന്നിച്ച്. രണ്ടര വർഷം മുൻപ് കല്ലാനിയ്ക്കൽ സെന്റ് ജോർജ് പള്ളിയ്ക്കു മുന്നിലെ കവലയിൽ ഓട്ടോകളുമായി കളത്തിലിറങ്ങിയതും ഒന്നിച്ചായിരുന്നു.
ഇപ്പോൾ കല്ലാനിയ്ക്കൽ ജംഗ്ഷനിലെ ഓട്ടോ ശ്രീകളാണ് തെക്കുംഭാഗം ചാത്തപ്ലാക്കൽ മജേഷിന്റെ ഭാര്യ ജിൻസി പോളും പുത്തൻപുരയ്ക്കൽ ആന്റണിയുടെ ഭാര്യ മിനിയും. രാവിലെ എട്ടരയോടെ വാഹനവുമായി കവലയിലെത്തി വൈകിട്ട് അഞ്ചരയോടെ വീട്ടിലേക്ക് മടങ്ങുന്നതുൾപ്പെടെ ഇവരുടെ ഓട്ടോ സൗഹൃദം ടോപ് ഗിയറിൽ മുന്നോട്ടു നീങ്ങുകയാണ്.
ഓട്ടോ ഓടിക്കുന്ന വനിതകൾ ഇപ്പോൾ പുതുമയൊന്നുമല്ല. പക്ഷെ ഓട്ടോ ഓടിച്ച് ജിവിതം കരുപ്പിടിപ്പിക്കാമെന്ന് ഉദ്ദേശിച്ച് ഈ രംഗത്തേക്ക് കടന്നു വന്ന പലരും ആണുങ്ങളുടെ മേൽക്കോയ്മയുള്ള രംഗത്തു പിടിച്ചു നിൽക്കാനാവാതെ കളം വിട്ടു. ചിലരാകട്ടെ വാഹനത്തിന്റെ സാരഥ്യം ഭർത്താക്കൻമാർക്കോ ബന്ധുക്കൾക്കോ കൈമാറി.
കൂടുതൽ പേരും കുടുംബവും വാഹനവുമായി ഒന്നിച്ചു കൊണ്ടു പോകാനാവാതെ പിൻമാറി. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വെല്ലുവിളികളെ അതിജീവിച്ച് ഓട്ടോ ഓടിച്ച് ഭർത്താക്കൻമാർക്കും കുടുംബത്തിനും കൈത്താങ്ങുകയാണ് ഇവർ. ഒന്നിച്ചു കൈ കോർത്തു മുന്നോട്ടു നീങ്ങുന്നതിനാൽ പ്രതിബന്ധങ്ങളും ഇവർക്ക് വിഷയമല്ല.
ഭർത്താക്കൻമാരെുട വരുമാനത്താൽ മാത്രം കുടുബം മുന്നോട്ടു കൊണ്ടു പോകാനാവില്ലായെന്നായതോടെ ഇരുവരും തൊഴിലുറപ്പു ജോലിക്കായാണ് ആദ്യമായി പുറത്തിറങ്ങിയത്. ടൈൽ പണിയാണ് മിനിയുടെ ഭർത്താവ് ആന്റണിക്ക്. ജിൻസിയുടെ ഭർത്താവ് മജേഷിന് കൂലിപ്പണിയും പെട്ടി ഓട്ടോ ഓടിക്കലുമാണ്. കുട്ടികളുടെ വിദ്യാഭ്യാസച്ചിലവുകളും ദൈനംദിന ആവശ്യങ്ങളും അധികരിച്ചതോടെ ഒരു സ്ഥിരം വരുമാനം വേണമെന്നായി.
തൊഴിലുറപ്പു ജോലി ഇടക്കിടെ മാത്രമേയുള്ളു. നിർധന കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ വിദ്യാഭ്യാസം സ്കൂൾ തലത്തിൽ ഒതുക്കേണ്ടി വന്നതിനാൽ മറ്റു ജോലികൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇരുവർക്കും ബോധ്യപ്പെട്ടു. അങ്ങിനെയിരിക്കെ കുടുംബശ്രീയുടെ ഓട്ടോശ്രീ പദ്ധതിയെക്കുറിച്ച് അറിയാനിടയായി. കുടുംബശ്രീ അംഗങ്ങളായതിനാൽ പിന്നീട് കൂടുതലൊന്നും ചിന്തിക്കാതെ പദ്ധതിയിൽ ചേർന്നു.
അഞ്ചു പേരാണ് പദ്ധതിയിൽ അംഗങ്ങളായി ഓട്ടോ വാങ്ങിയതെങ്കിലും ഇതിൽ മിനിയും ജിൻസിയും ആണ് വാഹനവുമായി രംഗത്തുള്ളത്. വാഹനവുമായി ആദ്യം കളത്തിലിറങ്ങിയപ്പോൾ ചില പുരുഷ കേസരികളായ ഓട്ടോക്കാരുടെ ഭാഗത്തു നിന്നും എതിർപ്പുണ്ടായി. സ്റ്റാൻഡിൽ വാഹനം ഇട്ട് ഓടിക്കാൻ അനുവദിച്ചില്ല. എതിർപ്പു ശക്തമായെങ്കിലും തോറ്റുമടങ്ങാൻ ഇരുവരും തയാറായില്ല.
പുരുഷ മേൽക്കോയ്മയെ വെല്ലുവിളിച്ച് കല്ലാനിയ്ക്കൽ പള്ളിയ്ക്കു മുൻപിൽ റോഡരികിലെ മരത്തണലിൽ മിനിയുടെ റോസമിസ്റ്റിക്കാ മാതായും ജിൻസിയുടെ പൊന്നൂസും സ്ഥാനം പിടിച്ചു. ആദ്യമുയർന്ന എതിർപ്പുകൾ പതിയെ ഇല്ലാതായി. ഇപ്പോൾ ഇരുവരുടെയും വാഹനം ആവശ്യമുള്ളവർ ഇവിടെയെത്തി ഓട്ടം വിളിക്കുന്നു. രാവിലെ വീട്ടുജോലികൾ പൂർത്തിയാക്കി ഭർത്താക്കൻമാരെ ജോലിയ്ക്കും മക്കളെ സ്കൂളുകളിലേക്കും അയച്ച് ഇരുവരും സ്റ്റാൻഡിലെത്തും. ശരാശരി 500 രൂപയ്ക്കടുത്തു വരുമാനം ലഭിക്കുന്നുണ്ട്.
ബാങ്ക് വായ്പയും ഇന്ധനച്ചിലവും കഴിഞ്ഞുള്ള തുക കുടുംബത്തിന്റെ സാന്പത്തികാടിത്തറയക്ക് പിൻബലമേകുന്നു. സ്വകാര്യ പെർമിറ്റുള്ള ചില ഓട്ടോകളും മറ്റും ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ഇതിനെയൊക്കെ തരണം ചെയ്തു കൂട്ടായ്മയുടെ ബലത്തിൽ മുന്നോട്ടു നീങ്ങുകയാണ് വീട്ടമ്മമാരായ ഈ വനിത ഓട്ടോ സാരഥികൾ. കൈ കോർത്തു പിടിച്ചുള്ള യാത്രയാണ് മുന്നോട്ടു നയിക്കുന്നതെന്ന് ഇരുവരും പറയുന്നു.
അഞ്ചിരിക്കു സമീപം അയ്യന്പാറയിൽ പുറന്പോക്കുഭൂമിയിൽ താമസിക്കുന്ന ജിൻസിയ്ക്കു ഭർത്താവും മുന്നുമക്കളുമടങ്ങുന്ന കുടുംബമാണ് ഉള്ളത്. സ്ഥലം വാങ്ങി നല്ലൊരു വീട് നിർമിക്കണമെന്നതും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നതുമാണ് സ്വപ്നം. അതുൽ, ആൻമരിയ , ആഷ്മറിൻ എന്നിവരാണ് മക്കൾ. മക്കളെ നല്ല നിലയിൽ എത്തിക്കണമെന്നാഗ്രഹിക്കുന്ന മിനിയുടെ മക്കൾ ലാൽമി, ലാൽസൻ എന്നിവരാണ്.