കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് ഡിഐജി ആയി . ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറിക്കിയത്. 2004 ഐപിഎസ് ബാച്ചുകാരനായ എ.വി.ജോര്‍ജ്ജ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. എസ്പി റാങ്കില്‍ തുടരവെയാണ് സീനിയോറിറ്റി കണക്കിലെടുത്ത് അദ്ദേഹത്തിന് ഡിഐജി റാങ്ക് നല്‍കിയത്.
1995 മുതല്‍ ടൗണ്‍, നടക്കാവ് സിഐ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എ.വി.ജോര്‍ജ്ജ് കോഴിക്കോട് സിറ്റിയില്‍ അസി.കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എസ്പിയായി സ്ഥാനകയറ്റം ലഭിച്ചതോടെ വയനാട്, ഇടുക്കി, എറണാകുളം റൂറല്‍, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, ആഭ്യന്തര സുരക്ഷാ വിഭാഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 2014ല്‍ കോഴിക്കോട് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നു.
അക്കാലത്താണ് നഗരത്തിലെ ഗുണ്ടാവിളയാട്ടത്തിനെ ഇല്ലാതാക്കാന്‍ സിറ്റി സ്പൈഡേഴ്സ് എന്ന പ്രത്യേക സംഘം രൂപീകരിച്ചത്. സംസ്ഥാന പോലീസ് സേനയില്‍ തന്നെ കറുപ്പ് കോട്ടും പാന്റും ധരിച്ചു കൊണ്ടുള്ള പ്രത്യേക സംഘത്തെ അദ്ദേഹം രൂപീകരിച്ചത് ഏറെ ശ്രദ്ദേയമായിരുന്നു.