കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ എറണാകുളം മുൻ റൂറൽ എസ്പി എ.വി ജോർജിനു സസ്പെൻഷൻ. ജോർജിനെതിരേ പ്രത്യേക അന്വേഷണസംഘം ഡിജിപി ലോക്നാഥ് ബെഹറയ്ക്കു നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ. കൊലക്കേസിൽ എ.വി.ജോർജ് വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു. എ.വി.ജോർജിനെതിരേ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
എ.വി. ജോർജ് രൂപീകരിച്ച ആർടിഎഫിന്റെ പ്രവർത്തനം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറിയത്. ആർടിഎഫിനെ രൂപീകരിച്ച് ക്രിമിനൽ കേസുകളിൽ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നും അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വരാപ്പുഴയിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത് ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ആർടിഎഫ് അംഗങ്ങൾക്കെതിരേയും വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെതിരേയും കൊലക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്. പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ല. എ.വി. ജോർജിൽനിന്നു കേസിൽ രണ്ടിലേറെ തവണ മൊഴിയെടുത്തിരുന്നു.
കേസിൽ ഒന്പതു പോലീസുകാരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദൻ, സിപിഒമാരായ സന്തോഷ് ബേബി, സുനിൽകുമാർ, ശ്രീരാജ് എന്നിവരെ കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. അന്യായമായി തടങ്കലിൽ വച്ചതിനാണു നാലുപേർക്കുമെതിരേ കേസെടുത്തത്.