കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലുൾപ്പെടെ മികച്ച അന്വേഷണ പാടവം കാണിച്ച എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിനു വരാപ്പുഴ സംഭവത്തിൽ തൊട്ടതെല്ലാം പിഴച്ചു. ഒടുവിൽ കസേര തെറിക്കുകയുംചെയ്തു. നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ വീരനായകന്റെ പരിവേഷമായിരുന്നു എ.വി. ജോര്‍ജിന്.
റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) രൂപീകരിച്ചു ഗുണ്ടകളെയും പിടിച്ചുപറിക്കാരെയും അമർച്ച ചെയ്യാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.എന്നാൽ വരാപ്പുഴയിൽ നടന്ന വീടാക്രമണവും ഗൃഹനാഥന്‍റെ ആത്മഹത്യയും തുടർന്നുള്ള പോലീസ് നടപടികളും അടിമുടി പാളുന്നതാണു കണ്ടത്.
റൂറല്‍ എസ്പിയുടെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണ് (ആര്‍ടിഎഫ്) ശ്രീജിത്തിനെ വരാപ്പുഴയിലെ വീടാക്രമണക്കേസിൽ കസ്റ്റഡിയിലെടുത്തത്. ആളു മാറിയാണു പിടികൂടിയതെന്നു മാത്രമല്ല കസ്റ്റഡിയിലിരിക്കെ പോലീസ് മർദനമേറ്റു ശ്രീജിത്ത് കൊല്ലപ്പെടുകയുംചെയ്തു.
വീടാക്രമണക്കേസിലെ പ്രതികളെ എത്രയുംവേഗം കസ്റ്റഡിയിലെടുക്കണമെന്നു നിര്‍ദേശിച്ചത് എസ്പിയായിരുന്നു. തന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നതിനാൽ എസ്പിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റാതെ വന്നു. മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെയും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതോടെ നടപടി അനിവാര്യമായി.
ശ്രീജിത്തിന്റെ ബന്ധുക്കളും പ്രതിപക്ഷകക്ഷികളും എസ്പിക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാക്കിയതോടെ ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥനായിട്ടും സർക്കാരിനും മറ്റു മാർഗങ്ങളില്ലാതായി. കസ്റ്റഡി മരണത്തിൽ ആർടിഎഫ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായപ്പോഴും തന്‍റെ സ്ക്വാഡിനെ തള്ളിപ്പറയാൻ എ.വി. ജോർജ് തയാറായിരുന്നില്ല. യഥാർഥ പ്രതികളെയല്ല കസ്റ്റഡിയിലെടുത്തതെന്ന ആക്ഷേപം നിഷേധിച്ചതും അദ്ദേഹത്തിനു വിനയായി.
ആർടിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്ത ശ്രീജിത്ത് ഉൾപ്പെടെ പത്തു പേരും വീടാക്രമണക്കേസിൽ പ്രതികളല്ലെന്നു ചൂണ്ടിക്കാട്ടിയാണു ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ റിപ്പോർട്ട് കൊടുത്തത്. തൊട്ടുപിന്നാലെ തന്നെ എ.വി. ജോർജിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവുമിറങ്ങി. സ്വന്തംനിലയിൽ ആർടിഎഫ് സംഘത്തിനു രൂപം നൽകിയതു ചട്ടവിരുദ്ധമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഇതിലുൾപ്പെടെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. കസ്റ്റഡി മരണക്കേസിൽ ചോദ്യംചെയ്യലിനുൾപ്പെടെയും എസ്പി വിധേയനായേക്കാം. തൃശൂര്‍ പോലീസ് അക്കാഡമിയിലേക്കാണ് എ.വി. ജോര്‍ജിനെ സ്ഥലംമാറ്റിയിരിക്കുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്. നായര്‍ക്കാണ് പകരം ചുമതല.