തിരുവനന്തപുരം: മധ്യവേനലവധിക്കാലത്തു സ്കൂളുകളിൽ ക്ലാസ് നടത്തേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മാർച്ചിൽ അധ്യയന വർഷം അവസാനിക്കണം എന്ന ചട്ടം നിലനിൽക്കെ സംസ്ഥാനത്തെ ചില സ്കൂളുകൾ അവധിക്കാല ക്ലാസുകൾ നടത്തുന്നതിനായി നടപടികൾ സ്വീകരിച്ചതിനാലാണ് തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ജെസി ജോസഫ് അറിയിച്ചു. എല്ലാ സിലബസിലുമുള്ള സ്കൂളുകൾക്കും ഇതു ബാധകമാണ്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അവധി ദിനങ്ങൾ വളരെ പ്രധാനമാണ്. തുടർച്ചയായുള്ള പഠനം അവരെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല ഏപ്രിൽ, മേയിൽ കടുത്ത ചൂടും ജലക്ഷാമവും കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടവരുത്തും. ഇവയെല്ലാം കണക്കിലെടുത്താണു തീരുമാനം.
നിയമവിരുദ്ധമായി ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികാരികൾ, പ്രധാനാധ്യാപകർ, അധ്യാപകർ എന്നിവർക്കെതിരേ കർശന നടപടികളുണ്ടാകും. ഈ സമയത്ത് ക്ലാസിലേക്കു പോകുന്ന കുട്ടികൾക്ക് സ്കൂളിലോ വഴിയിലോ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പൂർണ ഉത്തരവാദിത്വം സ്കൂൾ അധികൃതർക്കാണ്.
അവധിക്കാല ക്യാമ്പുകൾ നടത്തുന്നതിനുള്ള അനുമതി തേടിയ സ്കൂളുകൾക്കു പരമാവധി ഏഴു ദിവസം ക്യാമ്പ് നടത്തുന്നതിനുള്ള അനുവാദം നൽകും. ഇത്തരം ക്യാമ്പുകൾക്ക് അനുമതി നൽകേണ്ട ചുമതല ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കാണ്. ക്യാമ്പ് നേരിട്ട് സന്ദർശിച്ച് അവിടെ കുട്ടികൾക്കാവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുതിയ ശേഷം മാത്രമേ അനുമതി നൽകുകയുള്ളൂ.