തൃശൂർ: പൗരുഷവും അധികാരവും ആർജിക്കുന്നതല്ല യഥാർഥ ഫെമിനിസമെന്നു ഡോ. എം. ലീലാവതി. സഹനവും സ്നേഹവും കരുണയുമാണു സ്ത്രീയുടെ ശക്തി. അതുപേക്ഷിച്ച് പൗരുഷവും അധികാരവും ആർജിച്ചാൽ സ്ത്രീ പുരുഷനായി മാറും. അതുവേണ്ടെന്നും ലീലാവതി ടീച്ചർ പറഞ്ഞു. ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് രചിച്ച “അവൾക്കൊപ്പം’ എന്ന നോവലിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോ. ലീലാവതി.
മറ്റുള്ളവർക്കായി ചിരിക്കാനും കരയാനും കഴിയുന്പോഴേ നാം മനുഷ്യനാകൂവെന്നും ടീച്ചർ പറഞ്ഞു. സ്ത്രീകൾ നേരിടുന്ന അസമത്വത്തിന്റേയും ഒറ്റപ്പെടലിന്റേയും വേദനയാണ് ആലപ്പാട്ടച്ചൻ നോവലിലൂടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചതെന്നു പ്രകാശന കർമം നിർവഹിച്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മനുഷ്യന്റെ സംസ്കാരത്തേയും രാഷ്ട്രീയത്തേയും സ്വാധീനിക്കുന്നതാണു സാഹിത്യം.
പുസ്തക മൂല്യത്തേക്കാൾ വലുതാണു സാഹിത്യമൂല്യമെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ കോപ്പികൾ സിസ്റ്റർ മരിയ ജോസ്, സിസ്റ്റർ പ്രസന്ന എന്നിവർ ഏറ്റുവാങ്ങി. സെന്റ് മേരീസ് കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മാർഗരറ്റ് മേരി അധ്യക്ഷയായി. അമല മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഫാ. ഡോ. ആലപ്പാട്ടിന്റെ ഗുരുനാഥനുമായ ഡോ എം.ആർ. ചന്ദ്രൻ, ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്, പ്രഫ. ജിഷ എലിസബത്ത് വർഗീസ് എന്നിവർ പ്രസംഗിച്ചു.